Advertisement

ടി.പിയുടെ ഘാതകര്‍ക്ക് തിരിച്ചടി കിട്ടുന്ന ദിവസം, വടകരയിൽ യുഡിഎഫിന് വിജയം ഉറപ്പ്: കെ കെ രമ 24 നോട്‌

May 4, 2026
Google News 2 minutes Read
k k rema

ടി പിയുടെ ഓർമ്മ ദിനവും വോട്ടെണ്ണൽ ദിനവും ഒന്നിച്ചു വന്നത് യാദൃശ്ചികം, എന്നാൽ അത് വലിയ രാഷ്ട്രീയവുമാണെന്ന് കെ കെ രമ 24 നോട്‌. 17 വർഷം മുമ്പ് ടിപി ഉയർത്തിയ ആ രാഷ്ട്രീയമാണ് 2012 കൊന്നു തള്ളാൻ സിപിഐഎം തീരുമാനിച്ചത്. ആ രാഷ്ട്രീയം അവസാനിക്കില്ല എന്ന് കാലം തെളിയിച്ചു.

അതിൽ ഏറ്റവും വലിയ തിരിച്ചടി കിട്ടുന്ന ദിവസം ആയിരിക്കും ഇന്ന്. ഭരണ തുടർച്ച എന്നുള്ളത് എൽ ഡി എഫിന്റെ വ്യാമോഹം. ടി.പിയുടെ ഘാതകര്‍ക്ക് തിരിച്ചടി കിട്ടുന്ന ദിവസമാണിത്.വടകരയിൽ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫിന് വിജയം ഉറപ്പെന്നും അവർ വ്യക്തമാക്കി.

ഇന്ന് തന്നെ തിരഞ്ഞെടുപ്പ് ഫലം വരുന്നത് കാലത്തിന്റെ കാവ്യ നീതി. എതിരഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയത്തിനുള്ള പ്രഹരമായിരിക്കും വിധിയെന്ന് കെ കെ രമ വ്യക്തമാക്കി. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ കൊലക്കത്തിക്ക് ഇരയായത്. അക്രമരാഷ്ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും. കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ വധം.

2012 മെയ് നാലിനാണ് ഇന്നോവ കാറിലെത്തിയ അക്രമിസംഘം വടകര വള്ളിക്കാട് ജങ്ഷനിൽ വച്ച് ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ചന്ദ്രശേഖരൻ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിച്ച് 2009ൽ പാർട്ടി വിടുകയും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയും ചെയ്തു.

തുടർന്ന് ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സിപിഐഎമ്മിന് നഷ്ടപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ ചന്ദ്രശേഖരൻ മത്സരിച്ചതും 23,000 ത്തോളം വോട്ടു നേടിയതും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി. കൊലപാതകത്തിനു പിന്നിൽ സി പി ഐ എം ആണെന്ന ആരോപണം ശക്തിപ്പെടാനിടയാക്കിയത് അതൊക്കെയാണ്.

കൊലപാതകത്തിൽ മൂന്ന് സിപിഐഎം നേതാക്കൾ ഉൾപ്പെടെ 12 പ്രതികൾ ശിക്ഷിക്കപ്പെട്ടു. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി പി ഐ എം ആവർത്തിക്കുമ്പോഴും, ടി പിയുടെ ഭാര്യ കെ കെ രമ യു ഡി എഫ് പിന്തുണയോടെ ആർ എം പി സ്ഥാനാർത്ഥിയായി വടകരയിൽ നിന്ന് മത്സരിച്ചു ജയിച്ചത് സി പി ഐ എമ്മിനും അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്തായാണ് രാഷ്ട്രീയ കേരളം നോക്കിക്കണ്ടത്.

അതേസമയം സംസ്ഥാനം കാത്തിരുന്ന ജനവിധിയറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.

രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എണ്ണി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.

Story Highlights : kk rema about udf win in kerala aasembly election 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here