Advertisement

70000 വോട്ടിന് ജയിച്ച മണ്ഡലത്തിൽ സ്റ്റാലിന് തോൽവി; ഉങ്കള്‍ വിജയ്…,നൂറിലേറെ സീറ്റ് നേടി TVK വലിയ ഒറ്റകക്ഷി

May 4, 2026
Google News 2 minutes Read

നൂറിലേറെ സീറ്റ് നേടി തമിഴ്‌നാട്ടിൽ TVK വലിയ ഒറ്റകക്ഷി.കൂപ്പുകുത്തി ഡിഎംകെ. 234ൽ 108 സീറ്റുകളിലാണ് വിജയ്‍യുടെ ടിവികെ മുന്നേറുന്നത്. എഐഎഡിഎംകെ സഖ്യം 65 സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ ഡിഎംകെ സഖ്യം 61 സീറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം നേരിട്ടു.

സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് ഫലദിവസം സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഇപ്പോൾ ഏറെക്കുറെ വിജനമായിക്കഴിഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാടിന്റെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ കുതിപ്പ്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡി എം കെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കി.

ടിവി കെ സ്ഥാനാർത്ഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോൽവിയാണിത്.2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിൻ അടിതെറ്റി വീണത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡി എം കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ അനിഷ്ടത്തെ തുടർന്ന് ഡി എം കെ വിട്ട് എ ഐ എ ഡി എംകെയിൽ ചേർന്ന ബാബു, ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്.

ആദ്യ ഘട്ടത്തിൽ തന്നെ ടി വി കെ വൻ ലീഡ് നേടിയതിന് പിന്നാലെ ഡി എം കെ ആസ്ഥാനം ആളൊഴിഞ്ഞ അവസ്ഥയിലായി. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനായി എത്തിയ ഡി എം കെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുന്ന കാഴ്ചയാണ് ചെന്നൈയിലെ ഡി എം കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ കാണാനാവുന്നത്.

Story Highlights : mk stalin in kolathur tvk candidate vs babu historic victory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here