‘കഴുത്തിന് നല്ലപോലെ കൊടുത്തു, അവൾ ചത്ത് കഴിഞ്ഞാൽ നോക്കാം’ ; ബംഗളൂരൂവിൽ മലയാളിയുടെ ക്രൂര മർദനത്തിന് ഇരയായി 47 കാരി; തലച്ചോറിന് ഗുരുതര പരുക്ക്
ബംഗളൂരൂവിൽ മലയാളിയുടെ ക്രൂര മർദനത്തിന് ഇരയായ നാല്പത്തിയേഴുകാരി അതീവഗുരുതരാവസ്ഥയിലാണ്. വാടാനപ്പള്ളി സ്വദേശിനിയായ സുനിതയ്ക്കാണ് ക്രൂരമർദനമേറ്റത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണൻ ആണ് അതിക്രൂരമായി സുനിതയെ മർദിച്ചത്. സുനിതയെ താൻ ആക്രമിച്ചു എന്ന ദീപക് കൃഷ്ണൻ സമ്മതിക്കുന്ന ഓഡിയോ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു.
അവളുടെ കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്. ചത്ത് കഴിഞ്ഞാൽ നോക്കാം എന്നായിരുന്നു ദീപക്കിന്റെ ഓഡിയോ സന്ദേശം. തലച്ചോറിന് ഗുരുതര പരിക്കേറ്റ സുനിത അബോധാവസ്ഥയിൽ ആയെന്നും ഇനി ഒന്നും ചെയ്യാനില്ലെന്ന് ഡോക്ടർസ് അറിയിച്ചതായി സുനിതയുടെ ഭർത്താവ് സിന്റോ ട്വന്റിഫോറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുനിത ബംഗളൂരുവിൽ ദീപക് നടത്തുന്ന ഷെൽട്ടർ ഹോമിലേക്ക് ജോലിയ്ക്കായി എത്തുന്നത്. 16 നായ്ക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. വാടാനപ്പള്ളിയിൽ തെരുവ് നായകൾക്കായി ഷെൽട്ടർ ഹോം നടത്തിവരികയായിരുന്ന സുനിത ഒരു പത്ര പരസ്യം കണ്ടാണ് ഇവിടേക്ക് എത്തുന്നത്. സുനിതയ്‌ക്കൊപ്പം സഹോദരിയുടെ മകളും കൂടാതെ ഒരു തൃശൂർ സ്വദേശിനിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലെ ചില പ്രശ്നങ്ങളും മദ്യപാനവും സുനിതയെയും മറ്റുള്ളവരെയും ഏറെ അസ്വസ്ഥത പെടുത്തിയിരുന്നു. ജോലി നിർത്തി പോകുകയാണെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചത്. കൂടുതൽ പണം നൽകാം എന്ന് പറഞ്ഞെങ്കിലും സുനിത അതിനൊന്നും സമ്മതിച്ചിരുന്നില്ല.
സുനിതയുടെ തലയിൽ മൂന്ന് ഭാഗത്തായി രക്തം കട്ടപിടിച്ചിരിക്കുകയാണ്. മരുന്നുകളോട് സുനിത സഹകരിക്കുന്നില്ലെന്നും ഭർത്താവ് സിന്റോ ട്വന്റി ഫോറിനോട് പറഞ്ഞു. മാസം നാല്പതിനായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് ഇയാൾ സുനിതയെ ജോലിയ്ക്കായി വിളിക്കുന്നത്. ഭാര്യ ബംഗളൂരിലേക്ക് പോയിട്ട് 12 ദിവസം മാത്രമായിട്ടുളൂവെന്നും സുനിതയുടെ ഭർത്താവ് സിന്റോ പറഞ്ഞു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനിയായ സുനിത തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്.
Story Highlights : 47-year-old woman brutally beaten by Malayali in Bengaluru; serious brain injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




