Advertisement

‘അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

May 5, 2026
Google News 2 minutes Read
pinarayi

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ , പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം. മുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ സംഘടന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്നത്. അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണമെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മാറണമെന്നുമാണ് പരോക്ഷമായി പറയുന്നത്. തോല്‍വി വിലയിരുത്താന്‍ സിപിഐഎം,സിപിഐ നേതൃയോഗങ്ങള്‍ നാളെ തുടങ്ങും. (CPIM demands new leadership after election defeat)

പിണറായിക്കും എം വി ഗോവിന്ദനും എതിരെ ഫ്‌ലക്‌സ് കണ്ണൂരില്‍ ഫ്‌ളക്‌സ് ഉയര്‍ന്നു. കണ്ണൂര്‍ കോളയാട് ഈരായികൊല്ലിയിലാണ് ഫ്‌ലക്‌സ് ബോര്‍ഡ്. പാര്‍ട്ടിയാണ് വലുത് നേതാക്കളല്ല എന്നാണ് ഫ്‌ലക്‌സില്‍ പറയുന്നത്. പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങള്‍ ഫ്‌ലെക്‌സിലുണ്ട്. നയിക്കാന്‍ ഇവരുണ്ടെങ്കില്‍ കൂടെ ഞങ്ങളും ഉണ്ടെന്ന് ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

Read Also: ‘അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല; മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’; വി ഡി സതീശന്‍

ഏത് രാഷ്ട്രീയ തരംഗത്തിലും ഇളകാത്ത എല്‍ഡിഎഫിന്റെ പൊന്നാപുരം കോട്ടകളെന്ന വിശേഷണം പയ്യന്നൂരിനും തളിപ്പറമ്പിനും ഇന്നലത്തോടെ അന്യമായി. പതിറ്റാണ്ടുകളായി സിപിഐഎം കുത്തകയാക്കി വെച്ചിരുന്ന ഈ മണ്ഡലങ്ങളിലാണ് കണ്ണൂരിലെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്‍, ടി.ഐ. മധുസൂദനനെ 7,000ത്തിലധികം വോട്ടുകള്‍ക്കാണ് പയ്യന്നൂരില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ 49,000 വോട്ടിന്റെ വന്‍ ഭൂരിപക്ഷം മറികടന്നാണ് ഈ മുന്നേറ്റം.

ആദ്യ റൗണ്ട് ഒഴികെ മറ്റെല്ലാ ഘട്ടങ്ങളിലും ടി.കെ. ഗോവിന്ദന്‍ തളിപ്പറമ്പില്‍ ആധിപത്യം പുലര്‍ത്തി. സിപിഐഎം പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന ആന്തൂര്‍ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി മേധാവിത്വം നേടിയതോടെ ഭൂരിപക്ഷം 12,000 കടന്നു.

അതേസമയം, എല്‍ഡിഎഫിനെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷം പകുതിയിലധികം കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുല്‍ റഷീദ് ലീഡ് നിലനിര്‍ത്തിയത് എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക കൂട്ടിയെങ്കിലും 19000 വോട്ടിനു പിണറായി വിജയന്‍ ജയിച്ചു കയറി. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയ മട്ടന്നൂരിലും ഇടതിന് അടിതെറ്റി. 60,000ത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന് 14,000ത്തിലേക്ക് ചുരുങ്ങി.

Story Highlights : CPIM demands new leadership after election defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here