ട്വന്റി -20 എൻഡിഎയുടെ ഭാഗമായപ്പോൾ അതിനെ വേറെ രീതിയിൽ ചിത്രീകരിച്ചു; വോട്ടർമാർക്ക് ഇത് ആശയകുഴപ്പം ഉണ്ടാക്കി, സാബു എം ജേക്കബ്
സർക്കാർ വിരുദ്ധ തരംഗത്തിൽ ട്വന്റി -20 ക്ക് വോട്ടുകൾ കുറഞ്ഞുവെന്ന് സമ്മതിച്ച് ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ്. ട്വന്റി -20 എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചു. യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായി വിജയനെതിരായ വികാരം കൊടുങ്കാറ്റായി ആഞ്ഞടിച്ചു. മൂന്ന് സീറ്റുകൾ കരസ്ഥമാക്കി നേട്ടമുണ്ടാക്കി എന്നാണ് വിശ്വാസം.
ട്വന്റി -20 വളരെ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. എന്നാൽ ഒരു മുന്നണിയുടെ ഭാഗമായപ്പോൾ അതിനെ പല രീതിയിൽ എൽ ഡിഎഫും യുഡിഎഫും ചിത്രീകരിച്ചു കാണിച്ചു. വർഗീയ പാർട്ടിയുടെ കൂടെ കൂടി എന്നാണ് ചിത്രീകരിച്ചത്. സംഘികളാക്കി മാറ്റി അതെല്ലാം കുന്നത്തുനാട് പോലുള്ള ക്രിസ്തീയ മണ്ഡലങ്ങളിലുള്ള വോട്ടർമാരെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത് മാറ്റിയെടുക്കാനുള്ള സമയം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല സാബു എം ജേക്കബ് പറഞ്ഞു.
നഷ്ടപ്പെട്ട വോട്ടുകൾ ഒരു താത്കാലിക പ്രതിഭാസമാണ്. പോയവരെല്ലാം തിരികെ വരും. ട്വന്റി -20 ശക്തമായി തിരിച്ചു വരും. മുന്നണി സംവിധാനത്തിൽ പാളിച്ച സംഭവിച്ചിട്ടില്ല. വിത്തിട്ട് പിറ്റേന്ന് ഫലം പ്രതീക്ഷിക്കരുത്. തോറ്റ പാർട്ടികളെ പിരിച്ചുവിടുകയാണെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയും കേരളത്തിൽ ഉണ്ടാകില്ല. എങ്കിൽ പണ്ടേ കോൺഗ്രസുംസിപിഐഎമ്മും പിരിച്ചുവിടണമായിരുന്നു. അങ്ങിനെയെങ്കിൽ ഇവിടെ മത്സരിക്കാൻ ആരും ഉണ്ടാകില്ല.
ട്വന്റി -20 യുടെ ഭൂരിപക്ഷം വോട്ടർമാർ രാഷ്ട്രീയത്തിനതീതമായി നിൽക്കുന്നവരാണ്. വികസന രേഖ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. അക്കമിട്ട് അത് നടപ്പാക്കി, ജനങ്ങളോട് പറയും. വികസനപ്രവർത്തനങ്ങൾ നടത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടും. യഥാർത്ഥ പ്രതിപക്ഷമാകാൻ പോകുന്നത് എൻഡിഎയുടെ 3 എംഎൽഎമാർ ആയിരിക്കും. യുഡിഫ് പറഞ്ഞ ഉറപ്പുകൾ പാലിക്കാൻ തയ്യാറാകണം. ഭരണകാലം മാറുന്നത് വരെ കാത്തിരിക്കാൻ കഴിയില്ല. അടുത്ത മാസം തന്നെ ആരംഭിക്കണം.
ഇല്ലെങ്കിൽ ആദ്യം പ്രതിഷേധവുമായി ഇറങ്ങുന്നത് എൻഡിഎ ആയിരിക്കും സാബു എം ജേക്കബ് വ്യക്തമാക്കി.
ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ കഴിയാതെ പോയത് വീഴ്ചയായി കാണുന്നുണ്ടെങ്കിലും, മുന്നണി ബന്ധം ഗുണം ചെയ്തു എന്നാണ് ട്വന്റി- 20യുടെ വിലയിരുത്തൽ. നഷ്ടപ്പെട്ട നിഷ്പക്ഷ വോട്ടുകൾ തിരികെ വരുമെന്ന പ്രതീക്ഷയും സാബു എം ജേക്കബ് കൈവിടുന്നില്ല. ശക്തമായ തരംഗത്തിലും മൂന്നു സീറ്റുകൾ നേടാനായത് വിജയമാണ് എന്നാണ് എൻഡിഎ പൊതുവിൽ കണക്കുകൂട്ടുന്നത്. ട്വന്റി- 20 ബിഡിജെഎസ് മറ്റു ഘടകകക്ഷികൾ എന്നിവരുടെ പ്രവർത്തനത്തിൽ ബിജെപി നേതൃത്വവും തൃപ്തരാണ്. അടുത്തദിവസം ചേരുന്ന എൻഡിഎ യോഗത്തിൽ മുന്നണി പ്രവർത്തനങ്ങൾ വിലയിരുത്തും.
Story Highlights : Joining NDA did not bring any benefits; Twenty20 will come back strong, Sabu M Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




