Advertisement

ഡ്രൈവറുടെ മകനില്‍ നിന്ന് ജനപ്രതിനിധിയിലേക്ക്; വിജയുടെ സ്വന്തം ശബരിനാഥൻ

May 5, 2026
Google News 2 minutes Read
tvk

ആർ ശബരിനാഥൻ… തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം നിയോജകമണ്ഡലത്തിൽ നിന്ന് ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎയായ എഎംവി പ്രഭാകര രാജയെ 27,086 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ വിജയ്‌യുടെ ഡ്രൈവറുടെ മകൻ. അതെ ഇതൊരു സാധാരണക്കാരന്റെ കഥയാണ്.

വിജയ് സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ വാഗ്ദാനം ചെയ്തതുപോലെ തന്നെ തികച്ചും സാധാരണക്കാരായ ജനപ്രതിനിധികളെയാണ് തമിഴക വെട്രി കഴകം തമിഴ്നാട് നിയമസഭയിലേക്ക് അയക്കുന്നത്. അതിൽ ഓട്ടോ ഡ്രൈവറും ലോറി ഡ്രൈവറും ഭിന്നശേഷിക്കാരനും ഉൾപ്പെടെയുള്ളവർ ഉണ്ട്. ഇവരെല്ലാം ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും അതികായന്മാരെ മലർത്തിയടിച്ചാണ് നിയമസഭയുടെ വാതിൽ പടി കടന്നെത്തുന്നത്. അതിൽ ഒരാളാണ് വിജയ്‌യുടെ മുൻ ഡ്രൈവറും നിലവിലെ പിഎയുമായ രാജേന്ദ്രന്റെ മകനുമായ ആർ ശബരിനാഥൻ. ഏറെക്കാലമായി വിജയ്‌യുടെ ഡ്രൈവറായിരുന്ന രാജേന്ദ്രനെ അടുത്തിടെയാണ് പിഎ ആയി നിയമിച്ചത്.

ആദ്യചിത്രം മുതൽ വിജയ്‌ക്കൊപ്പമുള്ള സഹായിയാണ് രാജേന്ദ്രൻ. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ വിരുഗമ്പാക്കം ഭാരവാഹിയായിരുന്നു ശബരിനാഥൻ. കഴിഞ്ഞ വർഷം ടിവികെ ജില്ലാ സെക്രട്ടറിയായി ശബരിയെ നിയമിച്ചിരുന്നു. ടി വി കെയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെ ശബരിനാഥൻ പൊട്ടിക്കരയുകയും വിജയ് ആശ്വസിപ്പിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ അഭിനയം തുടങ്ങുന്ന സമയം മുതൽ ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനുള്ള സമ്മാനമായിരുന്നു ഈ പ്രഖ്യാപനം.

ഒരു ഡ്രൈവറായ തന്റെ മകനെ പഠിപ്പിച്ച് വലിയ എഞ്ചിനീയറാക്കണമെന്നായിരുന്നു എല്ലാ രക്ഷിതാക്കളെയും പോലെ രാജേന്ദ്രന്റെയും ആഗ്രഹം. എന്നാല്‍ വിജയ്​യെ നേരിട്ട് സമീപിച്ച ശബരിനാഥന്‍ ടിവികെയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം തുറന്നുപറയുകയായിരുന്നു. ഒടുവില്‍ വിജയ് നേരിട്ട് രാജേന്ദ്രനോട് സംസാരിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകനാകാനുള്ള ശബരിനാഥന്‍റെ ആഗ്രഹം സാധിച്ചത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടേതടക്കം എല്ലാ കോട്ടകളും തകർത്തടിച്ചുകൊണ്ടായിരുന്നു ടി വി കെ വമ്പൻ വിജയം കൈവരിച്ചത്. അട്ടിമറി വിജയം നേടിയ തമിഴ്നാട്ടിൽ, സർക്കാർ രൂപീകരണത്തിന് തിരക്കിട്ട നീക്കങ്ങൾ നടത്തുകയാണ് ടി വി കെ. വിജയ്‌യുടെ സത്യപ്രതിജ്ഞ ഏഴിനെന്നാണ് സൂചന.സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്നാണ് വിവരം. വിവിധ പാർട്ടികളെ ഒപ്പം കൂട്ടി കേവലഭൂരിപക്ഷം തികയ്ക്കാനാണ് ടി വി കെ ശ്രമം. പിന്തുണ തേടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വിജയ് കത്തയച്ചു. ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് സിപിഐ വ്യക്തമാക്കി.രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് രാജിവെയ്ക്കുന്നത് തിരുച്ചിറപ്പിള്ളി ഈസ്റ്റ് ആകും. രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള താത്പര്യം പ്രകടമാക്കിയ ചലചിത്ര താരം തൃഷ കൃഷ്ണൻ ആ സീറ്റിൽ മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

Story Highlights : Not just Thalapathy Vijay! His driver’s son also dethrones a DMK MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here