Advertisement

‘തെറ്റായ നയങ്ങള്‍ പാര്‍ട്ടി തിരുത്തണം; അല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല;ജനവിധി നേതൃത്വത്തിനെതിര്’; ടി കെ ഗോവിന്ദന്‍

May 5, 2026
Google News 3 minutes Read
t k govindan

തെറ്റായ നയങ്ങള്‍ പാര്‍ട്ടി തിരുത്തണമെന്നും അല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തളിപ്പറമ്പിന്റെ നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദന്‍. തെറ്റായ നയങ്ങള്‍ തിരുത്തിക്കുക എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദന്‍ മാഷ് എന്നതല്ല, പാര്‍ട്ടിയുടെ നയമാണ് തിരുത്തേണ്ടത്. പാര്‍ട്ടിയും നേതൃത്വവും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് – അദ്ദേഹം പറഞ്ഞു. (The party must correct its wrong policies; T K Govindan)

വിജയിക്കും എന്ന പ്രതീക്ഷയോടെ തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉയര്‍ത്തിപ്പിടിച്ച ആശയത്തിന് പാര്‍ട്ടി അണികളില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി.

Read Also: തിരഞ്ഞെടുപ്പ് തോല്‍വി; സിപിഐയിലും നേതൃമാറ്റ ആവശ്യം; ബിനോയ് വിശ്വത്തിനെതിരെ വികാരം ശക്തം

പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഇടതുപക്ഷത്തിന് കേരളത്തിലുണ്ടായ എല്ലാ തോല്‍വിയുടെയും ഉത്തരവാദിത്തം വഹിക്കേണ്ട ആളാണല്ലോ എം വി ഗോവിന്ദനെന്ന് പറഞ്ഞ അദ്ദേഹം തളിപ്പറമ്പില്‍ കുറച്ച് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നതും ചൂണ്ടിക്കാട്ടി. തളിപ്പറമ്പിലെ സ്ഥാനാര്‍ഥി സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാണ്. ഈ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലെന്ന് പാര്‍ട്ടി ഘടകമാകെ പറഞ്ഞിട്ടുണ്ട്. ജനങ്ങളും പറഞ്ഞിട്ടുണ്ട്. ഇത് കാണാന്‍ നേതൃത്വത്തിന് കഴിയണമായിരുന്നു. ചര്‍ച്ച ചെയ്ത് അംഗീകാരം നേടാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥിയാണെങ്കില്‍ മാറ്റം വരുത്തേണ്ടേ. അതല്ലെ ജനാധിപത്യം. ഇതൊരു പാര്‍ട്ടി സ്ഥാനാര്‍ഥിയോ പാര്‍ട്ടി തീരുമാനമോ അല്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ എടുത്തുകളഞ്ഞാല്‍ ആ പാര്‍ട്ടി പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അല്ല. അത് ഫാസിസ്റ്റ് രൂപം കൊള്ളും. ചില ആളുകള്‍ തീരുമാനിക്കും. അത് അടിച്ചേല്‍പ്പിക്കും. അതാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ശ്യാമളയുടെ പേര് മാത്രമാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് പോയത്. എതിരഭിപ്രായങ്ങളൊന്നും ശ്രദ്ധയില്‍ പെടുത്തിയില്ല. ആ സെക്രട്ടറിയേറ്റ് യോഗത്തിലോ ജില്ലാ കമ്മിറ്റി യോഗത്തിലോ പിണറായി വിജയന്‍ പങ്കെടുത്തിരുന്നെങ്കില്‍ സ്ഥാനാര്‍ഥി മാറുമായിരുന്നു എന്ന് കരുതുന്നയാളാണ് ഞാന്‍ – അദ്ദേഹം പറഞ്ഞു.

എം വി ജയരാജനെ അദ്ദേഹം പരിഹസിച്ചു. വിടുവായത്തം പറയുന്ന കുറേ നേതാക്കന്‍മാരുണ്ട്. അവരെക്കുറിച്ച് സഹതപിക്കാന്‍ മാത്രമേ എനിക്ക് സാധിക്കുകയുള്ളു. അതിലൊന്ന് എം വി ജയരാജനാണ്. എം വി ജയരാജന്‍ കുറേ പൊതുയോഗത്തില്‍ പങ്കെടുത്തത് കൊണ്ടാണ് എനിക്ക് കുറേ വോട്ടുകള്‍ കൂടിയത്. സമീപത്തെ വീടുകളില്‍ കയറി പോലും എനിക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഒരു പാര്‍ട്ടിക്കാരനോടും പറഞ്ഞിട്ടില്ല. പൊതുവായ ക്യാംപെയ്ന്‍ മാത്രമാണ് നടത്തിയത്. ഒരൊറ്റ പാര്‍ട്ടിക്കാരന്‍ പോലും കൂടെ നില്‍ക്കില്ലെന്ന് ജയരാജനാണ് അന്നെന്നോട് പറഞ്ഞത്. നാലാം തിയതി കഴിഞ്ഞ് കാണാം, ആളുണ്ടോ ഇല്ലയോ എന്ന് അന്ന് കാണാം എന്നാണ് ഞാന്‍ പറഞ്ഞ മറുപടി. ഇപ്പോള്‍ ജയരാജന്‍ മനസിലാക്കട്ടെ. എന്റെ കുടുംബം മുഴുവന്‍ എന്റെ കൂടെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആരാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. അവര്‍ ആരെ തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കുക എന്നതാണ് യുഡിഎഫ് പിന്തുണച്ച ഒരു എംഎല്‍എ നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുക – എദ്ദേഹം വ്യക്തമാക്കി.

Story Highlights : The party must correct its wrong policies; T K Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here