‘പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു’: പരോക്ഷ വിമർശനവുമായി വി എ അരുൺ കുമാർ
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. പാർട്ടി അതിന്റെ വേരുകളിലേക്ക് തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചു. സാധാരണക്കാരന്റെ നീതിക്കായും. അഴിമതിക്കെതിരെയുമുള്ള പോരാട്ടങ്ങളിലേക്ക് മടങ്ങണം. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ ഗൗരവമായി കാണും. ജനഹിതം ശരിയുടെ പക്ഷത്തെന്നും അരുൺകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നുവെന്ന് അരുൺ കുമാർ കുറിപ്പിൽ പറഞ്ഞു.
Read Also: ആരാകും മുഖ്യമന്ത്രി; കോൺഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും
വി എ അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിദ്ധ്യമില്ലാത്ത ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും ജനപക്ഷത്തുനിന്ന് വിശകലനം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ആ ശബ്ദം ഇന്ന് എനിക്കും ഈ നാടിനും ഒരുപോലെ നഷ്ടമാണ്. അച്ഛൻ എന്നും വിശ്വസിച്ചിരുന്നത് ജനങ്ങളുടെ പൾസ് തിരിച്ചറിയുന്നതാണ് യഥാർത്ഥ രാഷ്ട്രീയമെന്നാണ്. അദ്ദേഹം ആൾക്കൂട്ടങ്ങളിൽ ആവേശം കണ്ടെത്തിയിരുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ എത്രത്തോളം ഗൗരവമായി കാണുമെന്ന് അച്ഛന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, അതായത് സാധാരണക്കാരന്റെ നീതിക്കും പരിസ്ഥിതിക്കും അഴിമതിക്കെതിരായ പോരാട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും.
Story Highlights : VA Arun Kumar with indirect criticism against CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




