Advertisement

പ്രതിപക്ഷ നേതൃസ്ഥാനത്തിൽ ഇന്ന് തീരുമാനമില്ല; തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

May 6, 2026
Google News 2 minutes Read
CPIM

പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകില്ല. പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം തീരുമാനമെടുക്കും. കനത്ത തോൽവിയിൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഐഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനം. തോൽവിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനമുണ്ടായി. പ്രചാരണ രംഗത്തെ പരാമർശങ്ങളാണ് വിമർശിക്കപ്പെട്ടത്.

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത് പ്രവാഹമാണുണ്ടായത്. തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിലായാണ് കത്തുകൾ ലഭിക്കുന്നത്. തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് കത്തെഴുത്ത്. പാർട്ടി അനുഭാവികളുടെ അത്തരം കത്തുകൾ
ഗൗരവമായി പരിഗണിക്കുന്ന പാർടിയാണ് സിപിഐഎം എന്നും പി.ജയരാജൻ പറഞ്ഞിരുന്നു.

Read Also: സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ല; തമിഴ്നാട്ടിൽ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പ്രധാന കാരണം സർക്കാരിനെ നയിച്ച പിണറായി വിജയനോടുള്ള എതിർപ്പാണെന്ന് വൈകിയാണെങ്കിലും സിപിഐഎം നേതാക്കൾ തുറന്നു സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. പിണറായി വിരോധം ഇത്രമേൽ ആഴത്തിൽ നിലനിൽക്കുന്നുവെന്ന് തിരിച്ചറിയുന്നതിലും തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിലും സംസ്ഥാന സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും കഴിഞ്ഞില്ല. ഇതാണ് പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യം ഉയരാൻ കാരണം. ഭരണത്തെ പിണറായിയുടെ ഇഷ്ടത്തിന് വിട്ട സെക്രട്ടറിയേറ്റിനും സെക്രട്ടറിക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ പാർലമെൻ്ററി നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും അഴിച്ചുപണി വേണമെന്നാണ് ആവശ്യം.

അസാധാരണമായ തിരിച്ചടിയാണ് പാർട്ടി നേരിട്ടത് , അപ്പോൾ അസാധാരണ നടപടി തന്നെ വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. 25 സീറ്റിൽ മത്സരിച്ച പാർട്ടി 8 സീറ്റിലേക്ക് കൂപ്പുകുത്തിയോടെ സിപിഐയിലും ബിനോയ് വിശ്വത്തെ മാറ്റണമെന്ന് ആവശ്യം ഉയരുന്നുണ്ട്. നാദാപുരം അടക്കമുള്ള സീറ്റുകളിൽ സംസ്ഥാന സെക്രട്ടറിയുടെ പിടിവാശിയാണ് നടപ്പിലായത് . പ്രചരണ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും ബിനോയ് വിശ്വം തികഞ്ഞ പരാജയം ആണെന്നും വിമർശനം ഉണ്ട്.

Story Highlights : No decision on the opposition leadership position today in CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here