അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും സത്യപ്രതിജ്ഞ.വിജയ് അൽപസമയത്തിനകം ലോക്ഭവനിലെത്തും. വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) തങ്ങളുടെ പിന്തുണ കത്ത് കൈമാറിയതോടെയാണ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക് വരുന്നത്. വിസികെയ്ക്ക് പുറമെ മുസ്ലീം ലീഗും പിന്തുണച്ചതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 120 ആയി.
കോണ്‍ഗ്രസിന് പിന്നാലെ സിപിഐഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ ഉറപ്പാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് ദളപതി വിജയ് ഭരണത്തിലേക്ക് വരുന്നത്. 234 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്.
വെള്ളിയാഴ്ച കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി വിജയ് ഗവര്‍ണറെ സമീപിച്ചിരുന്നു. ഇവരുടെ പിന്തുണ കത്തും കൈമാറി. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങുകളും തീരുമാനിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ സര്‍ക്കാരുണ്ടാക്കാന്‍ വിജയ് 116 എംഎല്‍എമാരുടെ പിന്തുണക്കത്ത് മാത്രമേ നല്‍കിയിട്ടുള്ളുവെന്നും ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ അറിയിച്ചതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്.
116 പേരുടെ പിന്തുണകത്തോടെയാണ് വിജയ് തമിഴ്‌നാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. വിസികെ പിന്തുണ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് സത്യപ്രതിജ്ഞയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും ലോക് ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വിസികെ പിന്തുണ കത്ത് ഇന്ന് നല്‍കിയതോടെയാണ് പ്രതിസന്ധി നീങ്ങിയത്.
Story Highlights : vijay will take oath as tamil nadu cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




