‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാര്‍ത്ത തള്ളാതെ കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നും കൊടിക്കുന്നില്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ഖര്‍ഖേയുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃമാറ്റം ചര്‍ച്ചയായില്ല. വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുമയുള്ള സന്ദര്‍ശനമല്ല. ഖര്‍ഗെയെ കാണുന്നത് പതിവാണ്. കെപിസിസി അധ്യക്ഷനാരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്റാണ്. ആഗ്രഹങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയും സമുദായ സമവാക്യങ്ങളും ഒക്കെ പരിശോധിച്ചായിരിക്കും ആ വിഷയം തീരുമാനിക്കുന്നത്. കേരളത്തില്‍ അങ്ങനെ അധ്യക്ഷനെ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല – അദ്ദേഹം പറഞ്ഞു.
കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ ഒഴിവ് വരുന്ന കെപിസിസി അധ്യക്ഷസ്ഥാനത്തിനായി നീക്കങ്ങള്‍ ഊര്‍ജിതം ആക്കിയിരിക്കുകയാണ് നേതാക്കള്‍. ഡല്‍ഹിയിലെ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ എത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് എംപി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. പലതവണ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ അര്‍ഹനാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ഖര്‍ഗയെ അറിയിച്ചുവെന്നാണ് വിവരം. കേരളത്തിലെ 16 സംവരണ സീറ്റുകളില്‍ 11ലും യുഡിഎഫ് വിജയം നേടിയത് വലിയ നേട്ടം ആണെന്നും ചൂണ്ടിക്കാട്ടി . അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹനാന്‍ എത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ ആണ് കൊടിക്കുന്നില്‍ സുരേഷിന്റെ അവകാശവാദം. അതേസമയം ഷാഫി പറമ്പിലിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights : Kodikunnil Suresh MP does not deny the news of meeting AICC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




