തമിഴ്നാട് സ്പീക്കർ തിരഞ്ഞെടുപ്പ്; മത്സരം ഒഴിവാക്കി ഡിഎംകെ, സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല
തമിഴ്നാട് സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരം ഒഴിവാക്കി ഡിഎംകെ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അണ്ണാ ഡിഎംകെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. നാളെ രാവിലെ 9.30 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകറിനെ നിശ്ചയിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി.
വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടി വി കെ കണക്കുകൂട്ടുന്നത്.എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാകും. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് പ്രഭാകർ. 1980 ൽ തന്റെ 28 -ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എ ഐ എ ഡി എം കെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്.
എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം, 2026 ജനുവരിയിലാണ് വിജയ്‌യുടെ ടി വി കെയിൽ ചേർന്നത്. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നും ഡി എം കെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. ടി വി കെയിലെ മുതിർന്ന നേതാക്കളിൽ ഒരാളായതിനാലും സഭാ നടപടികളിലുള്ള പരിചയസമ്പത്ത് കണക്കിലെടുത്തുമാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കാൻ വിജയ് തീരുമാനിച്ചിരിക്കുന്നത്. 73 വയസ്സുകാരനായ അദ്ദേഹം പാർട്ടിയിലെ ഒരു പ്രധാന മുഖമാണ്.
Story Highlights : vijay tvk names jcd prabhakar as speaker candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




