യുദ്ധവും എണ്ണ വിലയും മലയാളി ജീവിതത്തില്‍ വില്ലനാകുമോ? കാത്തിരിക്കുന്നത് കെണിയോ?
ഇന്ധന വിലക്കയറ്റം, വിദേശയാത്രാ മുടക്കം, സ്വര്‍ണം വാങ്ങലിന് തടസം, ധനനഷ്ടം -ഇതൊക്കെയുള്ള ഒരുഗ്രന്‍ (കെ)കണിയാണോ കാത്തിരിക്കുന്നത്? പശ്ചിമേഷ്യന്‍ മിസൈല്‍ പ്രഭാവത്തില്‍ പെട്രോള്‍ പമ്പുകള്‍ വിറയ്ക്കുമ്പോള്‍ യുദ്ധവും എണ്ണ വിലയും മലയാളി ജീവിതത്തില്‍ വില്ലനാകുമോ?
2026 ഫെബ്രുവരി 28ന് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് തുടക്കമാകുമ്പോള്‍ അത് ടിവി സ്‌ക്രീനുകളില്‍ ഫ്‌ളാഷ് ന്യൂസ് ആയി പോകുന്ന വാര്‍ത്തകളിലൊന്ന്. പിന്നെ അതിനൊരു ബ്രേക്കിങ് ന്യൂസ് സ്വഭാവം വരുന്നു. നയതന്ത്ര വിദഗ്ധരുടെ തലവേദന കൂട്ടാന്‍ മറ്റൊരു വിഷയം. ന്യൂസ് ചാനലുകളുടെ എസി ഫ്‌ളോറുകളിലിരുന്ന് ചര്‍ച്ച ചെയ്യാനൊരു കാര്യം.
ഇങ്ങനെയൊക്കെയായിരുന്നു സംഘര്‍ഷത്തുടക്കത്തില്‍ നമ്മുടെ മനസിലുണ്ടായിരുന്ന ചിത്രം. എന്നാല്‍ പോകെപ്പോകെ ചിത്രം മാറി. ഇനി വരാനിരിക്കുന്ന നാളുകളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന സൂചനയാണ് ഹൈദരാബാദില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ആഹ്വാനം പറയാതെ പറയുന്നത്. ലോകത്തിന്റെ പല ഭാഗത്തുമുള്ളവരെപ്പോലെ ഇന്ത്യക്കാര്‍ക്കും ആ ഫളാഷ് ന്യൂസ്, ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആഘാതമായി മാറുമോ എന്നതാണ് ചോദ്യം. അതിര്‍ത്തി കടന്നുള്ള ആക്രമണോത്സുകമായ യുദ്ധമായല്ല, മറിച്ച് ഷോക്കടിപ്പിക്കുന്ന ഇറക്കുമതി ബില്ലുകളുടെ രൂപത്തിലാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം നമുക്ക് വില്ലനാകുന്നത്.
ഹോര്‍മൂസില്‍ കപ്പലുകള്‍ കുടുങ്ങിക്കിടന്നപ്പോള്‍ അതിന്റെ പരിണിതഫലം ആദ്യം അനുഭവിച്ചത് ഇന്ത്യയിലെ അടുക്കളകളാണ്. പാചകവാതക പ്രതിസന്ധിയില്‍ താഴ് വീണ ഹോട്ടലുകളേറെ. എത്ര കുടുംബങ്ങളാണ് തൊഴില്‍ നഷ്ടപ്പെടലിന്റെ ഭീഷണിയിലേക്ക് പോയത്. സംഘര്‍ഷം അവസാനിക്കാന്‍ സാധ്യതകള്‍ മങ്ങിയതോടെ പാചക വാതക പ്രതിസന്ധിയില്‍ നിന്ന് ഇന്ധന പ്രതിസന്ധിയിലേക്ക് നമ്മള്‍ പോയേക്കുമെന്ന സൂചനകളാണ് വരുന്നത്. അങ്ങനെ വന്നാല്‍ ഇന്ധന വില ഉയര്‍ത്തല്‍ അനിവാര്യമാകും. നിലവില്‍ ഓയില്‍ കമ്പനികള്‍ക്ക് പ്രതിമാസം 30,000 കോടിയുടെ നഷ്ടമുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞത്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം. പ്രതിദിന നഷ്ടം ഏതാണ്ട് 2,500 കോടി. ഇങ്ങനെ നഷ്ടം സഹിക്കാന്‍ കമ്പനികള്‍ തയ്യാറാകില്ല. നഷ്ടം ഒഴിവാകണമെങ്കിലോ ക്രൂഡ് വില ബാരലിന് 85 ഡോളറില്‍ താഴെയാകണം. ഇങ്ങനെപോയാല്‍ അതെന്ന് സാധിക്കും? അപ്പോള്‍ അതിന്റെ ആഘാതം വരുന്നതോ- ഓരോ സാധാരണ ഉപഭോക്താവിലേക്കും. പോയ വാരം യുദ്ധം ദാ തീരുന്നുവെന്ന ട്രംപിന്റെ വാക്ക് വിശ്വസിച്ച് താഴേക്ക് വന്ന ക്രൂഡ് വില കാര്യങ്ങള്‍ മാറിമറിഞ്ഞതോടെ വീണ്ടും മൂന്നക്കം കടന്നു.
വെടിയൊച്ച കേള്‍ക്കുന്നത് മാത്രമല്ല ഇന്ന് യുദ്ധം. അത് ഇന്ധനബില്ലിന്റെ രൂപത്തിലും അവതാരപ്പകര്‍ച്ചയെടുക്കുമെന്ന് ഇപ്പോള്‍ നമുക്കറിയാം. പശ്ചിമേഷ്യ എങ്ങനെ ഇന്ത്യന്‍ അടുക്കളകളില്‍ ഞെട്ടലുണ്ടാക്കും എന്നും നാം മനസിലാക്കി. ആവശ്യത്തിന്റെ 90 ശതമാനത്തോളം എണ്ണ ഇറക്കുമതി ചെയ്യുന്നതും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് അത്രയേറെ ഉള്ളതുമായ ഒരു രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി വരുത്തിയേക്കാവുന്ന വെല്ലുവിളികള്‍ ചെറുതല്ല. മേഖലയില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്ന് വലിയൊരു ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പശ്ചിമേഷ്യയിലെ തീ ഏറെ പൊള്ളിക്കും.
സംഘര്‍ഷം അവസാനിക്കാതെ ഇരുന്നാലോ സ്ഥിതി വഷളായാലോ എന്ത് സംഭവിക്കും?
-ക്രൂഡ് വില വീണ്ടും ഉയരും
-ടാങ്കര്‍ ഇന്‍ഷുറന്‍സ് നിരക്ക് കൂടും
-കപ്പല്‍ പാതകളില്‍ തടസമുണ്ടാകും
-വിപണികള്‍ ആദ്യം വൈകാരികമായും പിന്നീട് സാന്പത്തികമായും പ്രതികരിക്കും
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് അനൗപചാരിക അഭ്യര്‍ഥന വന്നത്. വരുന്ന ഒരു വര്‍ഷത്തേക്ക് ഒരു സ്വയം നിയന്ത്രിത പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
-അത്യാവശ്യമല്ലാത്ത വിദേശയാത്രകള്‍ ഒഴിവാക്കുക
-പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക
-സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കുക
-വര്‍ക് ഫ്രം ഹോമിന് പ്രാധാന്യം നല്‍കുക
-മെട്രോകള്‍ ലഭ്യമാകുന്നിടത്തെല്ലാം മെട്രോകള്‍ ഉപയോഗിക്കുക
-ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക
-വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തുക
-പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
-ചരക്ക് നീക്കത്തിന് റെയില്‍വേ ഉപയോഗിക്കുക
-കാര്‍ പൂളിങ് സംവിധാനം പ്രയോജനപ്പെടുത്തുക
-എണ്ണ ആശ്രിതത്വത്തിന്റെ ഗണിതം
രാജ്യത്തിന്റെ ഏറ്റവും വലിയ ഇറക്കുമതികളായ ഇന്ധനവും സ്വര്‍ണവും ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഭീമമായ ഇറക്കുമതി ബില്‍ കുറയ്ക്കുകയെന്നതാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നത്. 775 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ പ്രതിമാസ ഇറക്കുമതി ബില്‍. മാര്‍ച്ചിലെ കണക്കെടുത്താല്‍ ഇതില്‍ ക്രൂഡ് ഇറക്കുമതി ബില്ലില്‍ മാത്രമുണ്ടായ വര്‍ധന 70 ബില്യണ്‍ ഡോളറാണ്. ഇറക്കുമതിച്ചെലവ് ഉയരുന്നത് സര്‍ക്കാരിന്റെ കീശ ചോര്‍ത്തും. അങ്ങനെ ഒരു ചാക്രിക പ്രവര്‍ത്തനം പോലെ യുദ്ധക്കെടുതികള്‍ സാധാരണക്കാരെ ഉള്‍പ്പെടെ സാമ്പത്തികാഘാതത്തിലേക്ക് നയിക്കും. കിലോമീറ്ററുകള്‍ അകലെക്കിടക്കുന്നയിടങ്ങളിലെ യുദ്ധം കൊച്ചിയില്‍ പച്ചക്കറി വില കൂട്ടുന്നത് പോലെയുള്ള ഒരു പൂമ്പാറ്റ പ്രഭാവം (ബട്ടര്‍ഫ്‌ലൈ ഇഫക്ട്) ഏറെ ആഴത്തിലുള്ളതാണ്. ഇതാണ് എണ്ണ ആശ്രിതത്വത്തിന്റെ ഗണിതം.
ഇന്ത്യ അത്ര തയ്യാറെടുത്തിരുന്നില്ലേ?
അങ്ങനെയില്ല. അതുകൊണ്ടാണ് ലോകത്ത് പല രാജ്യങ്ങളും മുന്‍പ് തന്നെ പലതിനും റേഷന്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്ധന വില കൂട്ടിയിട്ടും നാം പിടിച്ചുനിന്നത്. നമ്മള്‍ നിസഹായരല്ല, എന്നാല്‍ ദീര്‍ഘകാല സംഘര്‍ഷങ്ങള്‍ ബാധിക്കാനിടയുള്ള ഇടമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം ശേഖരിച്ചുവച്ച തന്ത്രപരമായ പെട്രോളിയം ശേഖരമുള്ളതുകൊണ്ടാണ് (SPR) പിടിച്ചുനില്‍ക്കാനായത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തും കര്‍ണാടകയിലെ മംഗളൂരുവിലും പാഡൂരിലുമാണ് ഭൂമിക്കടിയിലുള്ള കരുതല്‍ ശേഖരമുള്ളത്. ഇറക്കുമതി തടസപ്പെട്ടാല്‍ കുറച്ചുകാലം സഹായമായി ഈ ശേഖരമുണ്ടാകും. ഒഡീഷയിലെ ചാന്ദിക്കോളിലും പാഡൂര്‍ രണ്ടാം ഘട്ടപദ്ധതിയുമൊക്കെ വഴി ശേഖരം വ്യാപിപ്പിക്കാനാണ് നീക്കം. ഇവ വെറും സ്റ്റോറേജ് ടാങ്കുകളല്ല, ഇന്ത്യന്‍ മണ്ണില്‍ നാം സൂക്ഷിക്കുന്ന എണ്ണ ഇന്‍ഷുറന്‍സ് പോളിസികളാണ്. ഉറുമ്പ് ധാന്യം കൂട്ടിവയ്ക്കുന്നത് കണ്ടിട്ടില്ലേ, അത് പോലെ. ഇത് പക്ഷേ മാജിക് സ്റ്റോറേജ് അല്ല, പകരം കുറച്ച് കാലത്തേക്ക് ആശ്രയിക്കാവുന്ന ഒന്നായി മാത്രമേ ഇതിനെ കരുതാവൂ. നമ്മുടെ ആശ്രയത്വമില്ലാതാക്കാന്‍ ഈ ശേഖരത്തിനാവില്ല. ഇത്രയധികം ഇറക്കുമതിയെ ആശ്രയിക്കുന്നു എന്നതാണ് തിരിച്ചടിയാകുന്നത്.
കേരളം-ഗള്‍ഫിന്റെ വൈകാരിക എംബസി കൂടിയാകുമ്പോള്‍
കേരളത്തിന് പശ്ചിമേഷ്യ ഒരു എണ്ണ വിതരണമേഖല മാത്രമല്ല, സാമ്പത്തിക അടിത്തറ കൂടിയാണ്. ഒരു ഗള്‍ഫ് ബന്ധമെങ്കിലുമില്ലാത്ത ഒരു മലയാളി കുടുംബവുമുണ്ടാവില്ല. ഗള്‍ഫ് പണം കൊണ്ട് ജീവിതചക്രം തിരിക്കുന്ന എത്രയോ കുടുംബങ്ങളുണ്ട്. അതുകൊണ്ടുതന്നെ പശ്ചിമേഷ്യ അശാന്തമാകുമ്പോള്‍ കേരളം ഉത്കണ്ഠാകുലമാകുന്നു. അങ്ങനെ സാമ്പത്തികമായി സംഘര്‍ഷം നീളുന്നത്-
-തൊഴിലില്ലായ്മ
-അടിയന്തര യാത്രാ ചെലവ്
-ഉയരുന്ന ഇന്ധനവില
-ഗള്‍ഫ് പണത്തിന്റെ വരവിലെ കുറവ് കുടുംബ ബജറ്റിലുണ്ടാക്കുന്ന തകര്‍ച്ച
എന്നിവയ്ക്ക് കാരണമാകും.
ഇങ്ങനെയുള്ള പല കാരണങ്ങളാണ് വലുതെന്തോ വരാനിരിക്കുന്നെന്ന മട്ടിലുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നില്‍. വിമാന ഇന്ധനവില കൂട്ടിയപ്പോള്‍ തന്നെ മിക്ക വിമാനക്കമ്പനികളും നിരക്ക് കൂട്ടിക്കഴിഞ്ഞു. 50 മുതല്‍ 60 വരെ ശതമാനം പ്രവര്‍ത്തനച്ചെലവ് കൂട്ടാന്‍ ഇന്ധന വിലക്കയറ്റം കാരണമാകും. അതാണ് വിമാനക്കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്. 17,000ത്തില്‍ പരം ജീവനക്കാരുണ്ടായിരുന്ന അമേരിക്കയിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്പിരിറ്റ് ഈ മാസം രണ്ടിന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എല്ലാവരില്‍ നിന്നും സാവധാനം ഈടാക്കുന്ന ഒരു നികുതിയായി നമുക്ക് എണ്ണ വിലക്കയറ്റത്തെ കാണാം.
പ്രധാനമന്ത്രി നല്‍കുന്ന സന്ദേശം?
സാമ്പത്തിക പ്രതിരോധത്തിനുള്ള ആയുധമായി അച്ചടക്കത്തിലേക്ക് നീങ്ങണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സമ്പത്തുകാലത്ത് തൈ പത്ത് വെച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം എന്ന് പറയുംപോലെ. അത് സര്‍ക്കാരിന്റെ മാത്രം കടമയല്ല, പൗരന്റെ സാമ്പത്തിക ശീലമാകണം എന്നാണ് പ്രധാനമന്ത്രി തരുന്ന സന്ദേശം. ലോകം അനിശ്ചിതത്വത്തിലാകുമ്പോള്‍ ധനകാര്യ വിവേകത്തിന്റെ ഏറ്റവും വലിയ സൂചികയാകും ഉപഭോക്തൃ അച്ചടക്കമെന്ന് വിദഗ്ധരും വിലയിരുത്തുന്നു. നമ്മുടെയൊക്കെ വീടുകളില്‍ പെട്ടെന്ന് ഒരു അടിയന്തര ഘട്ടം വരികയും വരുമാനം കുറയുകയും ചെയ്താല്‍ നമ്മള്‍ ചെലവ് കുറയ്ക്കില്ലേ. അതുപോലെ. ആവശ്യമില്ലാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനും കാര്‍ പൂള്‍ പോലെയുള്ള സംവിധാനങ്ങളിലേക്ക് മാറാനും തയ്യാറായാല്‍ അത് പതുക്കെ നല്ല ഒരു ശീലമായി ജനങ്ങളിലേക്ക് വ്യാപിക്കുമെന്നും കണക്കുകൂട്ടല്‍ കാണും. വിമാന ഇന്ധനക്ഷാമവും വിലക്കയറ്റവും ഉള്ളപ്പോള്‍ ബോര്‍ഡിങ് പാസ് വേണ്ട ട്രിപ്പുകള്‍ അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കുകയെന്നത് വിവേകപൂര്‍ണമായ തീരുമാനമാകും. അമിത സ്വര്‍ണഭ്രമമുള്ളവരും അത് നിയന്ത്രിച്ചാല്‍ രാജ്യത്തിന്റെ ഇറക്കുമതി ബില്ല് കുറയ്ക്കാനാകും. സ്വര്‍ണം സംസ്‌കാരത്തിന്റെ ഭാഗമാണ്. സുരക്ഷയാണ്. എന്നാല്‍ ഓക്‌സിജന്‍ പോലെ അത്യന്താപേക്ഷിതമായ ഒന്നല്ല. പരസ്പരബന്ധിതമായ ലോകത്ത് നാടകീയമായ രാജ്യസ്‌നേഹമല്ല വേണ്ടത്, മറിച്ച് ഇത്തരം പ്രായോഗികമായ സമീപനങ്ങളാണ്. ഒരു വീട്ടില്‍ നിന്ന് ഒരേ ദിവസം ഒന്നിലേറെ വാഹനങ്ങള്‍ പോകുന്നതും ഒരേ സ്ഥലത്ത് നിന്ന് ഓഫീസില്‍ പോകുന്നവര്‍ പല വാഹനങ്ങളില്‍ പോകുന്നതുമൊക്കെ ഒരു പക്ഷേ നാളെ നമ്മളെ വെട്ടിലാക്കിയേക്കും. ഇന്ന് ഒരു പൊടിക്ക് അച്ചടക്കം കാട്ടിയാല്‍ നാളെ അത് നമുക്ക് സുരക്ഷയാകും. കൂടുതല്‍ സന്പാദിക്കുന്നവരുടേതല്ല ഭാവി, കുറച്ച് ചെലവാക്കുന്നവരുടേതാണ് എന്ന സാമ്പത്തിക ശാസ്ത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
Story Highlights : Will war and oil prices become villains in Malayalee life
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




