Advertisement

വിജയ്‌യുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി മുന്‍പ് ജയലളിതയുടെ സ്വകാര്യ ജ്യോതിഷി! അറിയാം രാധന്‍ പണ്ഡിറ്റിനെ

May 12, 2026
Google News 2 minutes Read

ഒരൊറ്റ അഭിപ്രായ സര്‍വേ ഒഴിച്ച് ബാക്കി ഒന്നും ടിവികെയ്ക്കും നേതാവ് വിജയ്ക്കും തമിഴനാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സാധ്യത ഒന്നും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ ഒരു ജ്യോതിഷി മാത്രം വേറിട്ടു നിന്നു. റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍ അഥവാ രാധന്‍ പണ്ഡിറ്റ്. വിജയ് തന്റെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒസിഡി) ആയി രാധനെ നിയോഗിച്ചതോടെ എല്ലാ കണ്ണുകളും അദ്ദേഹത്തിലേക്കാണ്.

നാല് പതിറ്റാണ്ടിലേറെയായി ജ്യോതിഷ-സംഖ്യാശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് രാധന്‍ പണ്ഡിറ്റ്. മെഡിറ്റഷന്‍ ഗുരു എന്ന പേരിലും അദ്ദേഹം പ്രശസ്തനാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അക്കാഡമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ തന്റെ ശിഷ്യ സമ്പത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.

1989 ല്‍ ജയലളിതയുടെ ഭാവി പ്രവചിച്ചുകൊണ്ട് ഒരു പോസ്റ്റ് കാര്‍ഡ് അയച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. അതിനു പിന്നാലെ അവര്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ഭാവി പ്രവചിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ. 1991 ലെ തിരഞ്ഞെടുപ്പ് വിജയം കൃത്യമായി പ്രവചിച്ചതോടെ ജയലളിതയ്ക്ക് പ്രിയപ്പെട്ട ആളായി. എ്‌നാല്‍ 1994 മുതല്‍ 1997 വരെ മോശം കാലമായിരിക്കുമെന്നും ജയില്‍വാസമോ ആശുപത്രി വാസമോ വരെ സാധ്യതയുണ്ടെന്നും പ്രവചിച്ചത് അവരെ അസ്വസ്ഥയാക്കി. ഇതോടെ തന്നെ പുറത്താക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ അവര്‍ തന്നെ വീണ്ടും വിളിപ്പിച്ചതായും അന്നു മുതല്‍ അവരുടെ സ്വകാര്യ ജ്യോതിഷിയായി നിയമിച്ചതായും അദ്ദേഹം രാധന്‍ പണ്ഡിറ്റ് അവകാശപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലും വലിയ പിടിപാടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എല്‍കെ അദ്വാനിയൊക്കെ താന്‍ പറയുന്നതിന് അപ്പുറം പോകില്ലായിരുന്നു എന്നും വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു.

നേരത്തെ തന്നെ രാഷ്ട്രീയ-മാധ്യമ മേഖലകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും, ഈ തിരഞ്ഞെടുപ്പ് കാലത്താണ് ഇദ്ദേഹം വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. തമിഴക വെട്രി കഴകം തമിഴ് രാഷ്ട്രീയത്തില്‍ വന്‍തരംഗമായി മാറുമെന്ന് വോട്ടെണ്ണലിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം പ്രവചിച്ചിരുന്നു. ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ വന്‍ശക്തികള്‍ക്കിടയില്‍ വിജയ് പതറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയ സമയത്തും, പണ്ഡിറ്റ് തന്റെ പ്രവചനത്തില്‍ ഉറച്ചുനിന്നു.

‘സുനാമി വിജയം’ പ്രവചനം

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പണ്ഡിറ്റ് മുന്‍പ് ഉപയോഗിച്ച ‘സുനാമി വിജയം’ എന്ന വാക്ക് ടിവികെയുടെ രാഷ്ട്രീയ വിജയത്തിന്റെ അടയാളമായി മാറി. വിജയ്യുടെ ഗ്രഹനിലയും ജാതകവും വിശകലനം ചെയ്താണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. തമിഴക വെട്രി കഴകം എന്ന പേര് വിജയ്യുടെ ജനനസമയവുമായി ചേര്‍ന്നുപോകുന്ന ഒന്നാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വിജയ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ രാധന്‍ പണ്ഡിറ്റ് അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയില്‍ എത്തി നേരിട്ട് കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. വെറുമൊരു ജ്യോതിഷി എന്നതിലുപരി, നിലവില്‍ ടിവികെയുടെ സജീവ വക്താക്കളില്‍ ഒരാളായി പണ്ഡിറ്റ് മാറുകയും ചെയ്തു. ചാനല്‍ ചര്‍ച്ചകളില്‍ ടിവികെയുടെ മുഖമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

പൊതുവെ രാഷ്ട്രീയ പ്രവചനങ്ങള്‍ പലപ്പോഴും പരിഹാസത്തിന് പാത്രമായിട്ടുണ്ടെങ്കിലും രാധന്‍ പണ്ഡിറ്റിന്റെ കൃത്യമായ പ്രവചനം ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. തമിഴക വെട്രി കഴകത്തിന്റെ അണികള്‍ക്കിടയില്‍ ഈ പ്രവചനം വലിയ ആവേശമാണ് ഉണ്ടാക്കിയത്. സിനിമയും രാഷ്ട്രീയവും വിശ്വാസവും ഇഴചേര്‍ന്ന് കിടക്കുന്ന തമിഴ്നാട്ടില്‍, 2026-ലെ വിജയത്തിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളില്‍ ഒന്നായി രാധന്‍ പണ്ഡിറ്റ് മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുതിയ നിയമനത്തോടെ ജ്യോതിഷത്തിലൂടെ അധികാര കേന്ദ്രവുമായി പണ്ഡിറ്റ് മാറുകയാണ്.

Story Highlights : Vijay’s Officer on Special Duty know more about Radhan Pandit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here