ജനവികാരമുള്‍പ്പടെ പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ട്,തീരുമാനം നേതൃത്വം അറിയിക്കും: വി എം സുധീരന്‍
മുഖ്യമന്ത്രി ചര്‍ച്ചയില്‍ തന്റെ അഭിപ്രായങ്ങളും കേരളത്തിലെ സാഹചര്യങ്ങളും ഹൈക്കമാന്‍ഡിനോട് പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനവികാരം ഉള്‍പ്പെടെ കേരളത്തിലെ ഇന്നത്തെ ചര്‍ച്ചകളും സ്ഥിതിഗതികളും രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. ചര്‍ച്ചകള്‍ വളരെ ഹൃദ്യമായിരുന്നുവെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതെല്ലാം വളരെ താത്പര്യത്തോടെ രാഹുല്‍ ഗാന്ധി ശ്രദ്ധിച്ചു. പറയാന്‍ ഉദ്ദേശിച്ചതെല്ലാം പറയാനായി എന്നത് തനിക്ക് സംതൃപ്തി നല്‍കുന്നുവെന്നും സുധീരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (vm sudheeran on cm discussion and meeting with rahul gandhi)
അതേസമയം മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞെന്നാണ് വിവരം.
Read Also: ഇന്നും ഇല്ല; മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന നാളെ
ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Story Highlights : vm sudheeran on cm discussion and meeting with rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




