വി ഡി സതീശന്റെ വീട്ടിലേക്ക് നേതാക്കളുടെ ഒഴുക്ക്; ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി
ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി 24നോട്. വി ഡി സതീശനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എൽദോസ് കുന്നപ്പിള്ളി. ഹൈക്കമാൻഡ് അധികം വൈകാതെ ഒരാളെ പ്രഖ്യാപിക്കും. അതിനായി കാത്തിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം മനസിലാക്കിയുള്ള തീരുമാനം ഉണ്ടാകും. നേതാവിനെ സന്ദർശിച്ചു കാര്യങ്ങൾ സംസാരിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനം തന്നെ വരുമെന്നും എൽദോസ് കുന്നപ്പിള്ളി 24നോട് പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി തുടരുന്നതിനിടെ വിഡി സതീശന് ഐക്യദാർഢ്യവുമായി അദ്ദേഹത്തെ എറണാകുളം ദേശത്തെ വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്കാണ്.പൊന്നാനി എംഎൽഎ നൗഷാദ് അലി വിഡി സതീശന്റെ വീട്ടിലെത്തി. മുൻ എം എൽ എ എൽദോസ് കുന്നപ്പിള്ളി വി ഡി സതീശനെ സന്ദർശിച്ചു. നിയുക്ത എം എൽ എമാരായ മുഹമ്മദ് ഷിയാസും വി ഇ അബ്ദുൾ ഗഫൂറും നേരത്തെ വി ഡി സതീശനെ കാണാനെത്തിയിരുന്നു.
അതേസമയം കേരള മുഖ്യമന്ത്രി പ്രഖ്യാപനം, ഖർഗയുടെ വസതിയിൽ നിർണ്ണായക കൂടിക്കാഴ്ച ഉടൻ നടക്കും.രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും കസേരയ്ക്കുവേണ്ടി കടുംപിടിത്തം പിടിക്കുന്നതാണ് തീരുമാനത്തിലെത്തിച്ചേരാൻ വൈകുന്നതിന് കാരണം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്‌ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്.
Story Highlights : eldhos kunnapilly support v d satheeshan as cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




