അത്യാവശ്യമില്ലാതെ ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങേണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നിലെന്ത്? താരിഫ് വര്‍ധന എന്തിനായിരുന്നു?
നമുക്കൊട്ടും പങ്കില്ലാത്ത ചില കാര്യങ്ങളുടെ പ്രത്യാഘാതം നമ്മള്‍ അനുഭവിക്കേണ്ടി വന്നാല്‍ എങ്ങനെയുണ്ടാകും? ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ജീവിതങ്ങളില്‍ അടുത്ത കാലത്തായി സംഭവിക്കുന്നതും അതാണ്. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം ഒന്നുമറിയാത്ത ശരാശരി ഇന്ത്യക്കാരന്റെ ജീവിതത്തില്‍ വരുത്തി വയ്ക്കുന്ന വിനകളുടെ ബാക്കിപത്രമാണ് പ്രധാനമന്ത്രിയെക്കൊണ്ട് ജനങ്ങളോട് ചില അഭ്യര്‍ഥനകള്‍ നടത്താന്‍ പ്രേരിപ്പിച്ചതും. നമ്മളാരും ആ യുദ്ധത്തിന് അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളല്ല. പക്ഷേ പരസ്പരാശ്രിതമായ ലോകത്ത് അതിന്റെ പരിണിതഫലങ്ങള്‍ നമ്മളെ ബാധിക്കുന്നു. (why pm modi urges indians to buy less gold this year)
കഴിഞ്ഞ വര്‍ഷം കൂടുതല്‍ പൈസയ്ക്ക് സ്വര്‍ണം വാങ്ങി, പക്ഷേ കിട്ടിയതോ?
നമ്മുടെ മൊത്തം ഇറക്കുമതിയുടെ 10% സ്വര്‍ണമാണ്. കഴിഞ്ഞ വര്‍ഷം നമ്മള്‍ വാങ്ങിയത് 7198 കോടി ഡോളറിന്റെ സ്വര്‍ണമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ വാങ്ങിയ സ്വര്‍ണത്തിന്റെ അളവ് കുറവും.24% കൂടുതല്‍ പണം കൊടുത്ത് നമ്മള്‍ വാങ്ങിയത് 4.76% കുറവില്‍ 721 ടണ്‍ മാത്രം. കാര്യം എന്താണ് എന്ന് മനസിലായിക്കാണുമല്ലോ. സ്വര്‍ണവില അത്രയ്ക്ക് കുതിപ്പിലായിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് നമ്മള്‍ ഡോളറിലാണ് പണം നല്‍കേണ്ടത്. അങ്ങനെ വരുമ്പോള്‍ നമ്മുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ ഡോളര്‍ അതിനായി ചിലവാക്കേണ്ടി വരും. കയ്യിലുള്ള കരുതല്‍ ശേഖരം ഇങ്ങനെ സാധനങ്ങള്‍ വാങ്ങിക്കൂട്ടി കുറയുകയുന്നതിനൊപ്പം ഇങ്ങോട്ട് ഡോളര്‍ വരുന്നത് കുറയുക കൂടി ചെയ്യുമ്പോ നമ്മുടെ കറന്‍സിയായ രൂപയുടെ മൂല്യം കുറയും. അതാണ് രൂപയുടെ മൂല്യം ഡോളറൊന്നിന് 96 രൂപയെന്ന നിരക്കിലേക്ക് കുറയാന്‍ കാരണം.
Read Also: തീരുവ ചതിച്ചു; സ്വര്‍ണം പോണ പോക്ക് കണ്ടോ….; പവന് ഒറ്റയടിക്ക് പതിനായിരത്തിലേറെ രൂപ കൂടി
നമ്മുക്ക് എന്ത് ചെയ്യാന്‍ കഴിയും?
നമുക്ക് സ്വന്തമായി എണ്ണ ശേഖരവും സ്വര്‍ണശേഖരവും വന്‍തോതിലില്ലാത്തതും നമ്മുടെ കുറ്റമല്ല. അത്തരം പ്രകൃതിവിഭവങ്ങള്‍ ഉള്ളയിടങ്ങളെ ആശ്രയിക്കുകയല്ലാതെ നമുക്ക് മറ്റ് മാര്‍ഗമില്ല. ഒന്നാലോചിച്ചുനോക്കൂ നമ്മുടെ ജീവിതത്തെ അത്രയേറെ സ്ഥായിക്കുന്ന പെട്രോളിയവും പ്രകൃതിവാതകവുമൊക്കെ നമുക്ക് ധാരാളമായിട്ടുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ? ഈ ഡോളറൊക്കെ നമ്മുടെ പോക്കറ്റില്‍ കിടന്നേനെ. പക്ഷേ നിലവിലെ സാഹചര്യത്തില്‍ നമുക്ക് 90% ഇന്ധന ആവശ്യങ്ങള്‍ക്കും മറ്റ് രാജ്യണ്ടളെ ആശ്രയിച്ചേ മതിയാകൂ. വേറെ ഓപ്ഷന്‍ തല്‍ക്കാലമില്ല. അല്ലെങ്കില്‍ നമ്മളെല്ലാരും കൂടി തല പുകഞ്ഞാലോചിച്ച് വളരെ ചെലവ് കുറച്ച് പെട്ടെന്ന് ലഭ്യത ഉറപ്പാക്കാന്‍ പറ്റുന്ന ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരും .അതിന് പറ്റുമോ സക്കീര്‍ ഭായിക്ക്? ഇല്ല എന്നാണുത്തരം എങ്കില്‍ സാഹചര്യം മനസിലാക്കി നമ്മള്‍ പക്വതയോടെ പെരുമാറേണ്ടി വരും.
അതുകൊണ്ടാണ് ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങല്‍ ഒന്ന് കുറയ്ക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞത്. അങ്ങനെ വന്നാല്‍ ആ വഴിക്കുള്ള ഇറക്കുമതിക്കാശ് കുറച്ച് നമുക്ക് സേവ് ചെയ്യാന്‍ കഴിയും. സ്വര്‍ണത്തിന്റെ ഇറക്കുമതി തല്‍ക്കാലം ഒന്ന് നിരുത്സാഹപ്പെടുത്താനാണ് ധനമന്ത്രാലയം ഇറക്കുമതിച്ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയത്. കൃത്യമായി പറഞ്ഞാല്‍ 10% ബേസിക് കസ്റ്റംസ് ഡ്യൂട്ടി. 5% കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസും. ഇത്രയും ഇറക്കുമതിച്ചുങ്കം നല്‍കി സ്വര്‍ണം കൊണ്ടുവരുമ്പോള്‍ വില കൂടും. ഇന്ന് തന്നെ കണ്ടില്ലേ പവന് 10200 രൂപ ഒറ്റയടിക്ക് കൂടിയത്. അങ്ങനെ വില കൂടിയാല്‍ നമ്മള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കും. ആഹ്വാനത്തോടൊപ്പം ധനമന്ത്രാലയത്തിന്റെ ഉത്തരവ് ഉന്തിനൊപ്പം ഒരു തള്ള് എന്ന നിലയിലാണ്.
രൂപയുടെ മൂല്യം ഇനിയും കുത്തനെ ഇടിയാതിരിക്കാനും സാമ്പത്തികത്തകര്‍ച്ചയിലേക്ക് പോകാതിരിക്കാനും ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമായി കണ്ടാല്‍ മതി. വീട്ടില്‍ വരുമാനം കുറയുമെന്ന് മനസിലാക്കി നേരത്തെ ചെലവ് കുറച്ച് സേവ് ചെയ്യാനല്ലേ നമ്മള്‍ ശ്രമിക്കൂ. മറിച്ച് അന്നേരം ബിഎംഡബ്ല്യു വാങ്ങാന്‍ നോക്കില്ലല്ലോ. അതാണ് സാമ്പത്തിക വിവേകം. പശ്ചിമേഷ്യ ഒക്കെ ശാന്തമായി കഴിഞ്ഞ് കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തുമ്പോ നമുക്ക് കൂടുതല്‍ സ്വര്‍ണം വാങ്ങാമെന്നേ. ഇതും ഇതിനപ്പുറവും ചാടിക്കടന്നവരല്ലേ നമ്മള്‍ മനുഷ്യര്‍.
Story Highlights : why pm modi urges indians to buy less gold this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




