Advertisement

ബ്രസീല്‍ ജേതാക്കളായത് അഞ്ച് തവണ; ഇതുവരെ ലോക കപ്പ് നേടിയ രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാം

May 14, 2026
Google News 4 minutes Read
Lionell Messi

ലോക കപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം വീറും വാശിയുമേറിയ ഫൈനലിനായിരുന്നു 2022- ലെ ഖത്തര്‍ ലോകകപ്പ് ലോകം സാക്ഷ്യം വഹിച്ചത്. അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി മൂന്നാം കിരീടം നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി മാറി. അര്‍ജന്റീന 2026 ലോകകപ്പിലും കിരീടമോഹികളായി തന്നെയാണ് എത്തുന്നത്. 2022 ലേത് പോലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡുമായി എത്തുന്ന ലോക ചാമ്പ്യന്മാര്‍ക്കിത് നാലാം കിരീടത്തിലേക്കുള്ള അവസരമാണ്. അഞ്ച് തവണ കപ്പെടുത്ത ബ്രസീലും തെക്കെ അമേരിക്കയില്‍ നിന്നുള്ള പ്രധാന ടീമാണ്. ലോക കപ്പ് തുടങ്ങി ഇതുവരെ ജേതാക്കളായ രാജ്യങ്ങളെ കുറിച്ചറിയാം.

1930 ഉറുഗ്വേ ആതിഥ്യമരുളിയ ലോക ഫുട്‌ബോള്‍ മാമാങ്കത്തിലെ കലാശപ്പോരില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ഉറുഗ്വേ ഉദ്ഘാടന ലോകകപ്പ് കരസ്ഥമാക്കി.

1934 -ല്‍ ഇറ്റലിയില്‍ വെച്ച് നടന്ന ലോക കപ്പില്‍ ഇറ്റലി അവരുടെ ആദ്യ കിരീടം സ്വന്തമാക്കി.

1938 രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ഫ്രാന്‍സില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇറ്റലി കിരീടം നിലനിര്‍ത്തി. ഹംഗറിയായിരുന്നു എതിരാളികള്‍. പിന്നീട് പന്ത്രണ്ട് വര്‍ഷം ടൂര്‍ണമെന്റ് നിര്‍ത്തിവച്ചു.

1950-ല്‍ ബ്രസീലായിരുന്നു ആതിഥ്യം വഹിച്ചത്. ഉറുഗ്വേ രണ്ടാം കിരീടം ഉറപ്പാക്കിയ ടൂര്‍ണമെന്റില്‍ മറക്കാനയില്‍ നടന്ന ഫൈനലില്‍ ബ്രസീലിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

1954-ല്‍ പശ്ചിമ ജര്‍മ്മനിയായിരുന്നു ജേതാക്കള്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ 3-2ന് ഹംഗറിയെയാണ് പരാജയപ്പെടുത്തിയത്.

1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ബ്രസീല്‍ തങ്ങളുടെ ആദ്യ കിരീടമുയര്‍ത്തി. ഈ ടൂര്‍മമെന്റിലായിരുന്നു 17 കാരനായ പെലെ ആറ് ഗോളുകള്‍ നേടിയത്.

1962-ല്‍ ചിലിയായിരുന്നു ഫിഫ ലോക കപ്പിന് ആതിഥ്യമരുളിയത്. ഇവിടെ ചെക്കോ സ്‌ളോവാക്യയെ പരാജയപ്പെടുത്തി ബ്രസീല്‍ തങ്ങളുടെ രണ്ടാം കിരീടം ഉയര്‍ത്തി ഇറ്റലിക്കൊപ്പമെത്തി.

1966-ല്‍ ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോള്‍ അത് ചരിത്ര നിമിഷമായി.

1970 -മെക്‌സിക്കോ ആതിഥ്യമരുളിയ 1970 ലെ ലോക കപ്പില്‍ ബ്രസീല്‍ ടീമിന് ഒപ്പം പെലെ മൂന്നാം തവണയും ലോക കപ്പില്‍ മുത്തമിട്ടു. ലോക കപ്പ് ചരിത്രത്തില്‍ ഒരു കളിക്കാരനും പെലെയെ പോലെ ഇത്രയധികം ലോകകപ്പുകള്‍ നേടിയിട്ടില്ല.

1974 ലെ ലോക കപ്പ് അന്ന്് പശ്ചിമ ജര്‍മ്മനിയായിരുന്ന ജര്‍മ്മനിയിലായിരുന്നു നടന്നത്. ജെര്‍ഡ് മുള്ളറുടെ നേതൃത്വത്തിലുള്ള ടീം നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി ജര്‍മ്മനി അവരുടെ രണ്ടാം ലോകകപ്പ് നേടി.

1978 ലെ ലോക കപ്പ് നടന്നത് അര്‍ജന്റീനയിലായിരുന്നു. ഈ ലോക കപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ആദ്യ ലോകകപ്പ് നേടി. ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സിനെയാണ് പരാജയപ്പെടുത്തിയത്.

1982-ലെ ഫിഫ ലോക കപ്പിന് ആതിഥ്യമരുളിയത് സ്‌പെയിനായിരുന്നു. പന്ത്രണ്ടാം എഡിഷനായ കപ്പില്‍ പശ്ചിമ ജര്‍മ്മനിയെ 3-1 ന് പരാജയപ്പെടുത്തി ഇറ്റലി ജേതാക്കളായി.

1986-ല്‍ വീണ്ടും മെക്‌സിക്കോയില്‍ ഫിഫ ലോക കപ്പ് എത്തി. ലോക ഫുട്‌ബോള്‍ മാമാാങ്കത്തിന് രണ്ട് തവണ ആതിഥ്യമരുളുന്ന ആദ്യരാജ്യമായി മെക്‌സിക്കോ മാറി. അര്‍ജന്റീനയും പശ്ചിമ ജര്‍മ്മനിയുമാണ് ഫൈനല്‍ കളിച്ചത്. മത്സരത്തില്‍ 3-2 അര്‍ജന്റീന കപ്പടിച്ചു.

1990-ല്‍ ഇറ്റലിയാണ് ലോക കപ്പിന് ആതിഥ്യം വഹിച്ചത്. ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി പശ്ചിമ ജര്‍മ്മനി ജേതാക്കളായി.

1994 ലെ ലോക കപ്പ് നടന്നട് യുഎസിലായിരുന്നു. 3-2ന് ഇറ്റലിയെ പരാജയപ്പെടുത്തി ബ്രസീല്‍ ഇവിടെ കപ്പുയര്‍ത്തി. ബ്രസീലിന്റെ നാലാം കിരീടമായിരുന്നു ഇത്.

1998 -ലെ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് ആതിഥ്യമരുളിയ രാജ്യം ഫ്രാന്‍സ് ആയിരുന്നു. സിനദിന്‍ സിദാന്‍, തിയറി ഹെന്റി, പാട്രിക് വിയേറ, ഇമാനുവല്‍ പെറ്റിറ്റ് തുടങ്ങിയ താരങ്ങള്‍ തിളങ്ങിയ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി ഫ്രാന്‍സ് ജേതാക്കളായി. ഫ്രാന്‍സിന്റെ ആദ്യ ലോക കിരീവും ഇതായിരുന്നു.

2002-ലെ ലോക കപ്പ് രണ്ട് രാജ്യങ്ങളിലായാണ് സംഘടിപ്പിച്ചത്. ജപ്പാനിലും സൗത്ത് കൊറിയയിലുമായിട്ടായിരുന്നു മത്സരങ്ങള്‍. ആവേശ കൊടുമുടിയേറിയ ബ്രസീല്‍-ജര്‍മ്മനി ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മനിയെ പരാജയപ്പെടുത്തി ബ്രസീല്‍ തങ്ങളുടെ അഞ്ചാം കിരീടം ഉയര്‍ത്തി.

2006 -ല്‍ ലോക കപ്പിന് ആതിഥ്യമരുളിയ രാജ്യം ജര്‍മ്മനിയായിരുന്നു. ലോക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പതിനെട്ടാം എഡിഷനില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി ഇറ്റലി തങ്ങളുടെ നാലാം കിരീടം നേടി.

2010-ല്‍ ലോക കപ്പ് ടൂര്‍ണമെന്റ് നടന്നത് സൗത്ത് ആഫ്രിക്കയിലായിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ആദ്യമായിട്ടായിരുന്നു ഫിഫ ലോക കപ്പ് എത്തുന്നത്. നെതര്‍ലാന്റ്‌സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് സ്‌പെയിന്‍ ആണ് തങ്ങളുടെ ആദ്യ ലോക കപ്പ് സ്വന്തമാക്കിയത്.

2014-ലെ ലോക കപ്പിന് വേദിയായത് ബ്രസീല്‍ ആയിരുന്നു. ബ്രസീല്‍ ദയനീയ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയെ 1-0 പരാജയപ്പെടുത്തി ജര്‍മ്മനിയാണ് ജേതാക്കളായത്. അധിക സമയത്തേക്ക് നീണ്ട ഫൈനല്‍ മത്സരത്തില്‍ ജര്‍മ്മന്‍ നിരയിലെ പകരക്കാരന്‍ മാരിയോ ഗോട്ട്‌സെയാണ് 113-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തത്. ജര്‍മ്മനിയുടെ നാലാം കിരീടമായിരുന്നു ബ്രസീലിലേത്.

2018 -ല്‍ കിഴക്കന്‍ യോറോപ്പിലേക്ക് ലോക ഫുട്‌ബോള്‍ മാമാങ്കമെത്തി. റഷ്യയായിരുന്നു ആതിഥേയര്‍. 1998 ലെ വിജയത്തിലേക്ക് ഫ്രാന്‍സിനെ നയിച്ച ദിദിയര്‍ ഡെഷാംപ്‌സിന്റെ ശിക്ഷണത്തില്‍ എത്തിയ ഫ്രഞ്ച് ടീം തങ്ങളുടെ രണ്ടാം കിരീടവുമായാണ് മടങ്ങിയത്.

2022-ല്‍ അര്‍ജന്റീനയുടെ ചരത്രനിയോഗം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സി, ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഫൈനലുകളിലൊന്നില്‍ കാത്തിരുന്ന കിരീടം കൈകളിലേന്തി. 90 മിനിറ്റ് ഫ്രാന്‍സിനെതിരെ 2-2 സമനിലയിലും അധിക സമയത്തിന് ശേഷം 3-3 സമനിലയിലും നിന്ന് ഇരുടീമുകളും കട്ടക്ക് പൊരുതിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന 4-2 ന് ഫ്രാന്‍സിനെ അടിയറവ് പറയിച്ചു. എങ്കിലും കിലിയന്‍ എംബാപെയെയും ഉസ്മാന്‍ ഡെംപലെയെയും ഫുട്‌ബോള്‍ പ്രേമികള്‍ മറക്കാനിടയില്ല. ഒപ്പം അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെയും.

Story Highlights: Which teams have won the FIFA World Cup?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here