ഹജ്ജ് സര്‍വീസ് കമ്പനികളുടെ ഉന്നത പദവികള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയേക്കും; നീക്കവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം
വിദേശ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന ഹജ്ജ് സര്‍വീസ് കമ്പനികളുടെ ഉന്നത പദവികള്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ നീക്കം. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റേതാണ് നടപടി. സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ വന്‍ ഭേദഗതി വരുത്തുന്ന കരട് രേഖ മന്ത്രാലയം പുറത്തുവിട്ടു. ഹജ്ജ് കമ്പനികളില്‍ വിദേശികള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കില്ലെന്നും നിലവിലുള്ളവര്‍ ഓഹരികള്‍ വിറ്റ് ഒഴിഞ്ഞുപോകണമെന്നും പുതിയ ഭേദഗതി പറയുന്നു. (Top positions in Hajj service companies may be restricted to Saudi citizens)
ഹജ്ജ് സര്‍വീസ് രംഗത്ത് വലിയ രീതിയിലുള്ള അഴിച്ചുപണിക്കാണ് സൗദി ഒരുങ്ങുന്നത്. വിദേശ തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്ന കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ചീഫ് എക്‌സിക്യൂട്ടീവുകള്‍, മറ്റ് ഉയര്‍ന്ന മാനേജീരിയല്‍ തസ്തികകള്‍ എന്നിവ പൂര്‍ണ്ണമായും സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ പുതിയ ഭേദഗതി നിര്‍ദ്ദേശിക്കുന്നു. കമ്പനികളുടെ ഓഹരികള്‍ വിദേശികള്‍ക്ക് വില്‍ക്കാനോ കൈമാറാനോ പാടില്ല. നിലവില്‍ ഓഹരിയുള്ള വിദേശികള്‍ വിപണി മൂല്യത്തിനനുസരിച്ച് അവ കമ്പനിക്ക് തന്നെ വിറ്റ് ഒഴിഞ്ഞുപോകണം. വിദേശിയായ ഓഹരി ഉടമ മരണപ്പെട്ടാല്‍ വിദേശികളായ അവകാശികള്‍ക്ക് ഓഹരി കൈവശം വെക്കാന്‍ അനുമതിയുണ്ടാകില്ല. കമ്പനികളുടെ ലൈസന്‍സ് നടപടികളിലും കര്‍ശന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കാലാവധി തീരുന്നതിന് അറുപത് ദിവസം മുന്‍പ് പുതുക്കാനുള്ള അപേക്ഷ നല്‍കണം. തുടര്‍ച്ചയായി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ മൂന്ന് സീസണുകളിലോ കൃത്യമായ കാരണമില്ലാതെ സേവനം നല്‍കാതിരുന്നാല്‍ ലൈസന്‍സ് റദ്ദാക്കും. തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതില്‍ ഏതെങ്കിലും കമ്പനി പരാജയപ്പെട്ടാല്‍ മന്ത്രാലയം നേരിട്ട് ഇടപെട്ട് ബദല്‍ സംവിധാനം ഒരുക്കും. ഇതിനുള്ള ചിലവ് വീഴ്ച വരുത്തിയ കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഈടാക്കും. നിയമലംഘനങ്ങള്‍ പരിശോധിക്കാന്‍ അഞ്ചംഗ സ്വതന്ത്ര സമിതിക്കും പുതിയ നിയമം രൂപം നല്‍കുന്നുണ്ട്. എല്ലാ കരാറുകളും മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രമായിരിക്കണം.
Story Highlights : Top positions in Hajj service companies may be restricted to Saudi citizens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




