രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി
ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല. വയനാട്ടിൽ നിന്ന് ടി സിദ്ദിഖ് മന്ത്രിയാകും. അവസാന നിമിഷം എ കെ ആന്റണിയുടെ ഇടപെടലാണ് നിർണായകമായത്. ഹൈക്കമാൻഡുമായി എ.കെ ആന്റണി സംസാരിച്ചതോടെ ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി. കോൺഗ്രസിൽ നിന്നുള്ള മുസ്‌ലിം പ്രതിനിധി കൂടിയാണ് ടി സിദ്ദിഖ്.
ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ്, അൻവർ സാദത്ത് എന്നിവർ അവസാന മണിക്കൂറുകാഖ്‌ലിൽ ഒരുമിച്ച് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും നറുക്ക് വീണത് ടി സിദ്ദിഖിനാണ്. അഞ്ചു മണിയോടെ മന്ത്രിപട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്സഭവനിലെത്തി ഗവർണറെ കാണും. അതേസമയം, ഐ സി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുകയാണ്. മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന, തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കുമെന്നാണ് വിവരം.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. ആഭ്യന്തരം ,വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക് നൽകും. റവന്യൂ സണ്ണി ജോസഫിനും ആരോഗ്യം – ദേവസ്വം വകുപ്പുകൾ കെ മുരളീധരനും വഹിക്കും. ഗതാഗത വകുപ്പ് സി പി ജോണിന് എന്നാണ് വിവരം.
ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമെന്ന കോൺഗ്രസ് ഫോർമുലയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വഴങ്ങി. രണ്ട് മന്ത്രിസ്ഥാനമെന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇനിയും കൂടിയാലോചനകൾ നടക്കുമെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പ്രതികരിച്ചു.
ജലസേചന വകുപ്പാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുക. അതേസമയം മന്ത്രിസ്ഥാനത്തിൽ ഫുൾടേം നൽകണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചു. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് സൂചനയുണ്ട്.
Story Highlights : A K Antony intervenes, T Siddique is assured of ministerial berth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




