അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്; കത്ത് നല്‍കി പി ജെ ജോസഫ്
അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്‍മെന്റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് കത്തയച്ചു. (Apu John Joseph Chief Whip)
പി. ജെ. ജോസഫിന്റെ പിന്‍ഗാമി എന്നതിനപ്പുറം, സ്വന്തം പ്രവര്‍ത്തനമികവുകൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ നേതാവാണ് അപു ജോണ്‍ ജോസഫ്. ഒന്നര പതിറ്റാണ്ട് മുന്‍പ് ഐടി മേഖലയിലെ മികച്ച ജോലി ഉപേക്ഷിച്ചാണ് അപു സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയത്. കന്നിയങ്കത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുകയറിയ അപുവിന് ക്യാബിനറ്റ് റാങ്കോടുകൂടിയ ചീഫ് വിപ്പ് പദവിയാണ് കാത്തിരിക്കുന്നത്.
തലമറ മാറ്റത്തിലൂടെയാണ് പിജെ ജോസഫിന്റെ വിശ്വസ്തമണ്ഡലമായ തൊടുപുഴയില്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. വന്‍ഭൂരിപക്ഷത്തോടെ വിജയം. ഇപ്പോഴിതാ സംസ്ഥാന ചീഫ് വിപ്പ് പദവിയും. തൊടുപുഴ ഡീ പോള്‍ പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് പ്രീ-ഡിഗ്രിയും, കോയമ്പത്തൂര്‍ കുമരഗുരു കോളേജില്‍ നിന്ന് ബി.ടെക് ബിരുദവും അപു കരസ്ഥമാക്കി. പൂനെ മാക്‌സ് മുള്ളര്‍ ഭവനില്‍ നിന്നുള്ള ജര്‍മ്മന്‍ ഭാഷാ പഠനത്തിന് ശേഷം ഐടി രംഗത്തെ പ്രമുഖ കമ്പനിയായ കആടല്‍ ടീം ഹെഡ് ആയും, തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വിസ് എയറില്‍ സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു. 2008 ല്‍ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെയാണ് സജീവരാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. സംഘടനാ രംഗത്തെ മികവ് മുന്‍നിര്‍ത്തി പാര്‍ട്ടി നേതൃത്വം അപു ജോണ്‍ ജോസഫിനെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററാക്കിയിരുന്നു. നിയമസഭയിലെ പുതിയ ഉത്തരവാദിത്തത്തിലൂടെ കൂടുതല്‍ ജനകീയമായ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് അപുവിന്റെ തീരുമാനം.
Story Highlights : Apu John Joseph Chief Whip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




