Advertisement

‘ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല ; കെ സിയുടെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിന്’, ജി സുധാകരൻ

May 17, 2026
Google News 2 minutes Read
g sudhakaran

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വീട്ടിൽ എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് ഞാനല്ല, മുൻപും സ്ഥാനത്തിനായി ശിപാർശ ചെയ്തിട്ടില്ല ഇപ്പോഴും ചെയ്യില്ല. മന്ത്രി പദവി ചർച്ചചെയ്യാനായിട്ടല്ല എത്തിയതെന്നും ജി സുധാകരൻ പ്രതികരിച്ചു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് കഴിഞ്ഞു ഇനി അതിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. ഭരണകക്ഷിയായി വന്നത് യുഡിഎഫാണ്. അതിനെ നയിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മതനിരപേക്ഷ പ്രസ്ഥാനമായ കോൺഗ്രസാണ്. അവർ തീരുമാനിച്ചു ഘടകകക്ഷികൾ അത് അംഗീകരിക്കുകയും ചെയ്തു. കെ സി വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജി സുധാകരൻ പറഞ്ഞു.

യോഗനാദം എഡിറ്റോറിയലിനെതിരെയും ജി സുധാകരൻ പ്രതികരിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതലേ മുസ്ലീം വിരുദ്ധത പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്. വെള്ളാപ്പള്ളി നടേശൻ നാളെ ലൈൻ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കറിയാം.
വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിൽ ആണ്. തന്നെ തിരഞ്ഞെടുപ്പിൽ പിന്തുണച്ച എല്ലാവരെയും നേരിൽ പോയി കണ്ടിരുന്നു. അങ്ങിനെയാണ് അദ്ദേഹത്ത പോയി കാണുന്നത്. അതിൽ എന്താണ് തെറ്റ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത്. മുസ്ലീം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നതെന്നും മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.

അതേസമയം, വി ഡി സതീശൻ ക്യാബിനറ്റിൽ ആരൊക്കെയെന്നതിൽ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകൾ നടക്കുകയാണ്. ഇന്ന് ഉച്ചയോടെ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമചിത്രം വ്യക്തമാകും. അതിന് ശേഷം പട്ടിക ഗവർണർക്ക് കൈമാറും. തീരുമാനം ഇന്ന് തന്നെയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പ്രതികരിച്ചു. തനിക്ക് പുറമെ, വിശ്വസ്തരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് രമേശ് ചെന്നിത്തല. സംതൃപ്തനാണോ എന്ന ചോദ്യത്തോട് വ്യക്തമായ മറുപടി നൽകാൻ രമേശ് ചെന്നിത്തല തയ്യാറായില്ല.

പാർട്ടി ഏത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പ്രതികരിച്ചു.സ്പീക്കർ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മറുപടി. കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് പേർക്ക് പുറമെ വി ടി ബൽറാം, ഷാനിമോൾ ഉസ്മാൻ, ടി സിദ്ദിഖ് എന്നിവരും അവസാനഘട്ടചർച്ചകളിൽ പരിഗണിക്കപ്പെടുന്നു. കാസർഗോഡിന് മന്ത്രിയെ വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംപി കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി.

Story Highlights : I came to KC’s house for a friendly visit’, G Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here