Advertisement

വകുപ്പ് വൈദ്യുതിയെങ്കില്‍ സത്യപ്രതിജ്ഞയ്ക്കില്ല; ഇടഞ്ഞ് കെ മുരളീധരന്‍; അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി നേതൃത്വം

May 17, 2026
Google News 2 minutes Read
k muraleedharan is dissatisfied with electricity department

പുതിയ യുഡിഎഫ് മന്ത്രിസഭയില്‍ തനിക്ക് നല്‍കിയ വകുപ്പിനെ ചൊല്ലി ഇടഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വൈദ്യുതി വകുപ്പ് തനിക്ക് വേണ്ടെന്നും ആ വകുപ്പാണ് നല്‍കുന്നതെങ്കില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നുമാണ് മുരളീധരന്റെ നിലപാട്. മുരളീധരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങള്‍ നടത്തി വരികയാണ്. (k muraleedharan is dissatisfied with electricity department)

ആരോഗ്യം, ദേവസ്വം എന്നീ വകുപ്പുകള്‍ കെ മുരളീധരന് നല്‍കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നത്. അവസാനവട്ടം വകുപ്പ് വൈദ്യുതി ആക്കിയതാണ് മുരളീധരനെ ചൊടിപ്പിച്ചിരിക്കുന്നത്. ആരോഗ്യവും ദേവസ്വവും തന്നെ തനിക്ക് തരണമെന്നാണ് മുരളീധരന്റെ വാശി. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ധനകാര്യത്തിന് പുറമെ തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. ആഭ്യന്തരം ,വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കും. റവന്യൂ സണ്ണി ജോസഫിനും ഗതാഗതം സി പി ജോണിനും നല്‍കുമെന്നാണ് വിവരം. കെ മുരളീധരന് വകുപ്പ് മാറ്റി നല്‍കുമോ എന്നതാണ് ഈ രാത്രിയിലെ ആകാംക്ഷ.

Read Also: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പുമാകും.

Story Highlights : k muraleedharan is dissatisfied with electricity department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here