രണ്ട് മന്ത്രിസ്ഥാനം ഇല്ല; കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും. രണ്ട് മന്ത്രിസ്ഥാനം നല്‍കില്ല. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. ആദ്യം ടേം അനൂപ് ജേക്കബിന് നല്‍കാനാണ് ധാരണ.
അതേസമയം, വിട്ടുവീഴ്ചയ്ക്ക് ഇല്ല എന്നായിരുന്നു മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞത്. ചീഫ് വിപ്പ് സ്ഥാനം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് വ്യക്തമാക്കിയതായും മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. രണ്ട് മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന ഉത്തമ വിശ്വാസത്തിലാണ് ആവശ്യമുന്നയിച്ചതെന്ന് മോന്‍സ് ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. ഏഴ് എംഎല്‍എമാര്‍ ജയിച്ചു വരികയുള്‍പ്പടെ ചെയ്ത സാഹചര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് മന്ത്രി സ്ഥാനം കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണ്. അത് ഞങ്ങള്‍ക്ക് തരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നുള്ളതാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത് – അദ്ദേഹം പറഞ്ഞു.
രണ്ട് മന്ത്രി സ്ഥാനമില്ലെങ്കില്‍ സ്വീകരിക്കാന്‍ ചില ഫോര്‍മുലകള്‍ മുന്നോട്ട് വച്ചിരുന്നുവെന്നും ആ ഫോര്‍മുലകള്‍ രണ്ട് മന്ത്രിസ്ഥാനമല്ല എന്നതുകൊണ്ട് അത് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തിരുന്നു. കോണ്‍ഗ്രസിനോട് വളരെ വലിയ സഹകരണം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഞങ്ങളോടും സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അര്‍ഹതയുണ്ട്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റില്‍ രണ്ട് മന്ത്രി സ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് സ്ഥാനവുമുള്‍പ്പടെ മൂന്ന് സ്ഥാനങ്ങളുണ്ടായിരുന്നു. ഒന്‍പത് എംഎല്‍എമാര്‍ ആ സമയത്ത് പാര്‍ട്ടിക്കുണ്ടായിരുന്നു. ഇന്ന് ഇടുക്കിയും ഏറ്റുമാനൂരും ഞങ്ങള്‍ മത്സരിച്ചാലും ജയിക്കുമായിരുന്നു. അത് കോണ്‍ഗ്രസിന് കൊടുത്തതാണ്. തികച്ചും ന്യായമായ ആവശ്യമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. അത് നിറവേറ്റി തരുമെന്നാണ് വിശ്വാസം – അദ്ദേഹം പറഞ്ഞു.
Story Highlights : Kerala Congress faction gets one ministerial post and chief whip post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




