Advertisement

ആ ബാക്ക് ഫ്‌ളിക്കില്‍ എഫ്എ കപ്പ് സിറ്റിയുടെ കൈകളില്‍; ചെല്‍സി തോറ്റത് ഏക ഗോളിന്

May 17, 2026
Google News 2 minutes Read
Manchester City vs Chelsea Final

ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ ആ നിമിഷത്തിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ കാത്തിരുന്നത്. 72-ാം മിനിറ്റില്‍ ഘാന താരം അന്റോണിയോ സെമന്യൂ നേടിയ ഏക ഗോളിന് എഫ്എ കപ്പ് കലാശപ്പോരില്‍ ചെല്‍സിയെ തൂക്കി സിറ്റി കിരീടത്തില്‍ മുത്തമിട്ടു. നോര്‍വെ താരം ഏര്‍ലിങ് ഹാലന്റിന്റെ നിലംപറ്റെയുള്ള ക്രോസ് വലയിലെത്തിച്ചാണ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ സിറ്റി ആധ്യപത്യം നേടിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടുന്നതില്‍ സിറ്റി താരങ്ങള്‍ പരാജയമായിരുന്നു.

തുടരെ രണ്ടു ഫൈനലുകളില്‍ രണ്ടാം സ്ഥാനക്കാരായി ഒതുങ്ങേണ്ടി വന്ന സിറ്റി മൂന്നാം തവണ ലക്ഷ്യം നേടി. 2023-ലാണ് ഇതിന് മുമ്പ് ചാമ്പ്യന്മാരായിരുന്നത്. തുടര്‍ന്നുള്ള രണ്ട് സീസണിലും കിരീടം ഉറപ്പിക്കാനായില്ല. അതേ സമയം സീസണില്‍ ട്രിപ്പിള്‍ കിരീടത്തിനുള്ള അവസരമാണ് പെപ് ഗാര്‍ഡിയോള നയിക്കുന്ന സിറ്റിക്ക് മുന്നിലുള്ളത്. ലീഗ് കപ്പില്‍ സിറ്റിയാണ് ജേതാക്കളായിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആകട്ടെ ആഴ്‌സനലുമായി രണ്ട് പോയിന്റിന് മാത്രമാണ് പിന്നില്‍ നില്‍ക്കുന്നത്. രണ്ടു മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ട്. പത്തുവര്‍ഷത്തിനിടെ സിറ്റി പരിശീലകനായി തിളങ്ങിയ പെപ് ഗാര്‍ഡിയോളയുടെ 20-ാം കിരീട നേട്ടമാണിത്.

അതിനിടെ ഇന്നലെ ഗോള്‍ നേടിയതോടെ റിക്കി വില്ല, മൈക്കല്‍ ഓവന്‍, റോബര്‍ട്ടോ ഡി മാറ്റിയോ, സ്റ്റീവന്‍ ജെറാര്‍ഡ് എന്നിവരോടൊപ്പം എഫ്എ കപ്പ് ഫൈനലില്‍ ഗോള്‍ സ്‌കോര്‍ ചെയ്തവരുടെ പട്ടികയില്‍ സെമന്യൂയും ഇടം പിടിച്ചു. സിറ്റിയുടെ കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും കിരീടങ്ങളില്ലാതെയാണ് ചെല്‍സി ഇത്തവണത്തെ സീസണ്‍ അവസാനിപ്പിക്കുന്നത്. ഇടക്കാല കോച്ച് കാലും മക്ഫാര്‍ലന് കീഴില്‍ കളിക്കുന്ന നീലപ്പട പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. 2018-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ചെല്‍സി അവസാനമായി എഫ്.എ.കപ്പ് ഉയര്‍ത്തിയത്.

Story Highlights: Manchester City vs Chelsea jn FA cup final 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here