Advertisement

മന്ത്രിസഭാ രൂപീകരണത്തിലെ അതൃപ്തി; ലത്തീൻ രൂപതയുടെ ആസ്ഥാനത്ത് അനുനയ നീക്കം നടത്തി മുഖ്യമന്ത്രി, മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി

May 18, 2026
Google News 2 minutes Read
v d satheesan

മന്ത്രിസഭാ രൂപീകരണത്തിലെ അതൃപ്തി പരസ്യമാക്കിയ തിരുവനന്തപുരം ലത്തീൻ രൂപതയുടെ ആസ്ഥാനത്ത് അനുനയ നീക്കത്തിനായി എത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ലത്തീൻ വിഭാഗത്തിൽ നിന്ന് മന്ത്രി ഇല്ലെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കൊപ്പം താൻ ഉണ്ടാകും എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയതായി തിരുവനന്തപുരം രൂപതാ നേതൃത്വം അറിയിച്ചു.

ലത്തീൻ സമുദായത്തിൽ നിന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വേണം എന്ന ആവശ്യം യുഡിഎഫ് നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നാണ് സഭ നേതൃത്വം പറയുന്നത്. എന്നാൽ മന്ത്രിസഭാ രൂപീകരണത്തിന്റെ അന്തർ നാടകത്തിൽ തങ്ങളുടെ ആവശ്യം ഒലിച്ചുപോയി എന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറഞ്ഞു.

Read Also: ‘കിട്ടിയെടാ പൂക്കി സിഎമ്മിനെ’; വി ഡി സതീശന്റെ ആ എക്‌സ്പ്രഷന്‍ ഇന്‍സ്റ്റ തൂക്കി; ഏറെ കാത്തിരുന്ന പ്രഖ്യാപനമുണ്ടാകുമോ എന്ന് കാതോര്‍ത്ത് യുവാക്കള്‍

മന്ത്രിസഭ രൂപീകരിക്കുന്നതിലുമായി ബന്ധപ്പെട്ട് നിരവധി അന്തർ നാടകങ്ങൾ നടന്നു. തങ്ങളുടെ ആവശ്യം ഉത്തരവാദിത്തപ്പെട്ട ആളുകളോട് പറഞ്ഞിരുന്നു. പല മന്ത്രിമാർക്കും കടൽ എന്താണെന്ന് അറിയില്ല. തീര പ്രദേശം വേണ്ടത്ര ശ്രദ്ധ ഉണ്ടാവുന്നില്ല. ഫിഷറീസ് വകുപ്പും മന്ത്രിയും ഞങ്ങളെ സംബന്ധിച്ച് വലിയ പ്രധാനമാണ്. മത്സ്യ തൊഴിലാളികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന നിലപാട് സ്വീകരിക്കരുത്. അതീവ ശ്രദ്ധയോടെ ആ കാര്യത്തിൽ ഇടപെടും എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇടത് സർക്കാർ ഒന്നും ചെയ്തില്ല എന്ന അഭിപ്രായം ഇല്ല. പക്ഷെ അത് ഫോക്കസ്ഡ് ആയിരുന്നില്ല, മുന്നൂറോളം വീടുകൾ തകർന്നത് കാലാവസ്ഥാ വ്യതിയാനം ആണെന്ന് പറയുന്നു. അത്തരം കള്ളങ്ങൾ വിശ്വസിക്കാൻ കഴിയില്ല. വലിയ തുക മുടക്കി നടത്തിയ പല പഠന റിപ്പോർട്ടുകൾ പുറത്തുപോലും വന്നില്ല. മുൻകൂട്ടി അറിയിച്ചിട്ടും ലത്തീൻ സഭയുടെ ആവശ്യം പരിഗണിച്ചില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കി.

വിൻസെന്റ് എംഎൽഎയുടെ മന്ത്രിസഭ പ്രവേശനം ഇല്ല എന്ന കാര്യം ഉറപ്പായത്തോടെയാണ് കഴിഞ്ഞ ദിവസം രൂപത അതൃപ്തി പരസ്യമാക്കിയത്. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമായി മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ സഭ ആസ്ഥാനത്ത് എത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. തീരദേശവാസികളുടെ പ്രശ്നം അറിയുന്ന ഒരാൾ തന്നെ ഫിഷറീസ് മന്ത്രിയായി എത്തണമെന്നുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സഭ.

Story Highlights : Chief Minister V D Satheesan arrives at the headquarters of the Latin Diocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here