‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ
പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടരുകയാണ് മുഖ്യമന്ത്രി വി ഡി സതീശനും അമ്മാളു അമ്മയും. സത്യപ്രതിഞ്ജയ്ക്ക് എത്തിയ വിഡി സതീശന്‍ വാരിപ്പുണര്‍ന്നാണ് ആ അമ്മയെ സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വി ഡി സതീശന്റേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്. (vd satheesan and ammalu amma emotional tie| swearing-in)
മകനെപ്പോലെയല്ല മകന്‍ തന്നെയാണ് തനിക്ക് സതീശനെന്ന് പറഞ്ഞ് ഏറെ വികാരധീനയായാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി ഡി സതീശനാണ്.
മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്.വിഡി സതീശന്‍ തനിക്ക് നല്‍കിയ സ്‌നേഹവും കരുതലും വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മാളു അമ്മയുടെ നിറഞ്ഞ പുഞ്ചിരിയില്‍ തെളിയുകയാണ്.
Story Highlights : vd satheesan and ammalu amma emotional tie| swearing-in
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




