നേരത്തെ തിരഞ്ഞെടുപ്പ് നടത്തണം, പാർലമെന്റ് പിരിച്ചുവിടാൻ ഇസ്രയേൽ; ബില്ലിനെ അനുകൂലിച്ച് 120 അംഗങ്ങളിൽ 110 പേർ
ഇസ്രയേൽ പാർലമെന്റ് പിരിച്ചുവിടാനുള്ള ബിൽ അവതരിപ്പിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടിയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്. പാർലമെന്റിലെ 120 അംഗങ്ങളിൽ 110 പേർ ബില്ലിനെ അനുകൂലിച്ചു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. 2026 ഒക്ടോബർ വരെ പാർലമെന്റിന് കാലാവധി ഇരിക്കെയാണ് നെതന്യാഹു സർക്കാരിന്റെ നീക്കം.
ഒക്ടോബർ 27-നകം രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് പോകേണ്ടതുണ്ടെങ്കിലും, പാർലമെന്റ് പിരിച്ചുവിടുന്നതോടെ സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ നേരത്തെയുള്ള വോട്ടെടുപ്പിന് കളമൊരുങ്ങുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭരണം നഷ്ടമാകുമെന്നാണ് രാജ്യത്തെ പ്രമുഖ സർവേകളെല്ലാം പ്രവചിക്കുന്നത്.
നെതന്യാഹുവിന്റെ സഖ്യകക്ഷിയായ അൾട്രാ-ഓർത്തഡോക്സ് ജൂത വിഭാഗം സർക്കാരുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതാണ് പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായത്. തങ്ങളുടെ സമൂഹത്തിലുള്ളവർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകുമെന്ന സഖ്യ മുന്നണിയുടെ വാഗ്ദാനം നെതന്യാഹു പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഇവർ പിന്തുണ പിൻവലിച്ചത്.
2023 ഒക്ടോബർ 7-ലെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തോടെ നെതന്യാഹുവിന്റെ ജനപ്രീതിക്ക് വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയർ ലാപിഡും ചേർന്ന് രൂപീകരിച്ച ‘ടുഗെദർ’ എന്ന പുതിയ പാർട്ടിയാണ് ഇത്തവണ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.
Story Highlights : israel parliament dissolve vote knesset election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




