റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷ ജൂൺ 21ന്; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നിർണായക കൂടിക്കാഴ്ച നടത്തി
നീറ്റ് പുനഃപരീക്ഷ; കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കേന്ദ്ര സുരക്ഷാ, ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. NTA, വിദ്യാഭ്യാസ മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര സുരക്ഷാ, ഇൻ്റലിജൻസ് ഏജൻസി പ്രതിനിധികളും പങ്കെടുത്തു. പരീക്ഷ സുരക്ഷിതവും നീതിയുക്തവുമായി നടത്താനുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.
വീഴ്ചകൾ സംഭവിക്കാനുള്ള സാധ്യതകൾ പരിശോധിച്ചു. പ്രതിരോധ നടപടികൾ വിലയിരുത്തി. സമൂഹ മാധ്യമ ആപ്പുകളുടെ പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രാലയം ചർച്ച നടത്തി. വ്യാജ പ്രചാരണം തടയാനുള്ള നടപടികൾ അവലോകനം ചെയ്തു. നുണപ്രചാരണം നടത്തുന്ന വാട്സ്ആപ്, ടെലിഗ്രാം ചാനലുകൾ പൂട്ടാനുള്ള സാധ്യതകൾ പരിശോധിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രവർത്തിക്കുന്ന പേപ്പർ മാഫിയ സംഘങ്ങളെ തകർക്കാനും നടപടികൾ ആരംഭിച്ചുവെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രഖ്യാപിച്ചു. ജൂൺ 21 ഞായറാഴ്ചയാണ് പുനഃപരീക്ഷ നടക്കുക. പുനഃപരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡുകൾ ഉടൻ ലഭ്യമാക്കും എന്നാണ് വിവരം.
കേന്ദ്ര അംഗീകാരത്തോടെയാണ് പുനഃപരീക്ഷാ തീയതി നിശ്ചയിച്ചതെന്ന് എൻടിഎ അറിയിച്ചു. പരീക്ഷാ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാൻ ഉദ്യോഗാർത്ഥികളോടും രക്ഷിതാക്കളോടും എൻടിഎ നിർദ്ദേശിച്ചു. സംശയങ്ങൾ പരിഹരിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകളും ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വീണ്ടും പരീക്ഷയെഴുതേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരീക്ഷ റദ്ദാക്കിയതോടെ മെയ് 3 ന് പരീക്ഷയെഴുതിയ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പരീക്ഷാ അട്ടിമറിക്കെതിരെ രാജ്യത്തുടനീളം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും നടന്നിരുന്നു.
Story Highlights : neet ug 2026 retest to be held on june 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




