എബോള വൈറസ് കൂടുതൽ വ്യാപിക്കുന്നു; ഉഗാണ്ടയ്ക്ക് പിന്നാലെ റുവാണ്ടയും എബോള ഭീതിയിൽ
എബോള വൈറസ് കൂടുതൽ വ്യാപിക്കുന്നു. ഡിആർ കോംഗോയിലെ വിമത നിയന്ത്രണത്തിലുള്ള പ്രവിശ്യയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പ്രവിശ്യയിൽ നിന്ന് വളരെ അകലെയാണ് ഈ മേഖല.
ഇതോടെ ഉഗാണ്ടയ്ക്കു പിന്നാലെ റുവാണ്ടയും എബോള ഭീതിയിലായി. രണ്ട് മാസത്തോളമായി എബോള വ്യാപനം നടക്കുന്നുവെന്ന വിലയിരുത്തലിലാണ് ആരോഗ്യ വിദഗ്ധർ. വാക്സിൻ ഇല്ലാത്ത ‘ബുണ്ടിബുഗ്യോ’ സ്ട്രെയിൻ എബോളയാണ് ഡിആർ കോംഗോയിൽ വ്യാപിക്കുന്നത്. ഡിആർ കോംഗോയിലെ എബോള വ്യാപനം മഞ്ഞുമലയുടെ അറ്റം മാത്രമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു.
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നതിനാൽ അടുത്തയാഴ്ച ന്യൂഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി ആഫ്രിക്കൻ യൂണിയനും ഇന്ത്യയും മാറ്റിവച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആരോഗ്യ സെക്രട്ടറിമാർ പങ്കെടുത്തു. എബോള വൈറസ് രോഗവ്യാപനം തടയാനുള്ള തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യയിൽ ഇതുവരെ എബോള വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights : Ebola Virus also spreads to rebel province in DR Congo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




