ഗ്രീൻകാർഡിന് പുതിയ നിബന്ധനയുമായി അമേരിക്ക; കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ്
വിദേശ പൗരന്മാർക്ക് സ്ഥിര താമസാവകാശങ്ങൾ ഉറപ്പാക്കുന്ന ഗ്രീൻകാർഡിന് പുതിയ നിബന്ധനയുമായി അമേരിക്ക. അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദേശിയുടെയും സ്വപ്‌നമാണ് ഗ്രീൻ കാർഡ് എന്നറിയപ്പെടുന്ന പെർമനന്റ് റസിഡന്റ് കാർഡ്. കുടിയേറ്റക്കാർ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ് ഭരണകൂടം ഉത്തരവിട്ടു. ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ഉൾപ്പെടെ തീരുമാനം തിരിച്ചടിയാണ്.
അമേരിക്കൻ പൗരത്വമില്ലാതെ തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും താമസിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും യാത്ര ചെയ്യാനുമൊക്കെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതാണ് ഈ കാർഡ്. ഇതുവരെ അമേരിക്കയിൽ താമസിച്ചുകൊണ്ടു തന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ വിദേശികൾക്ക് കഴിയുമായിരുന്നു. എന്നാൽ യു എസ് സിറ്റിസൺഷിപ്പ് ആന്റ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശപ്രകാരം സ്വന്തം രാജ്യങ്ങളിലെത്തിയശേഷം മാത്രമേ ഗ്രീൻകാർഡിന് കുടിയേറ്റക്കാർക്ക് അപേക്ഷിക്കാനാകൂ.
എച്ച് 1 ബി, എൽ 1 പോലുള്ള വീസകളിൽ അമേരിക്കയിൽ തുടരുന്നവർ ഗ്രീൻകാർഡിന് അപേക്ഷിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. എന്നാൽ അസാധാരണമായ സാഹചര്യങ്ങളിൽ ഇതിന് ഇളവ് അനുവദിക്കുമെന്ന് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും. രാജ്യത്തെ ഇമിഗ്രേഷൻ സംവിധാനത്തെ ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ സംവിധാനമെന്ന് യു എസ് ഹോംലാൻഡ് സെക്യൂരിറ്റി എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ട്രംപ് പ്രസിഡന്റായശേഷം സമീപകാലത്തായി അമേരിക്ക കുടിയേറ്റ നയങ്ങളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
Story Highlights : US introduces new requirement for green cards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




