കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവ്: കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ച; അന്വേഷണ റിപ്പോർട്ട്
പത്തനംതിട്ട കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ചയെന്ന് റിപ്പോർട്ടിൽ പറയുന്നു. പകുതി സൂചിയുമായാണ് വത്സലയെ ഡിസ്ചാർജ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ നിന്നെന്നതിന് തെളിവ് ഇല്ലെന്നും റിപ്പോർട്ടിൽ പരാമർശം. ആശുപത്രിയിൽ നിന്ന് രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചത് വീഴ്ച, പകുതി സൂചിയുമായാണ് വത്സലയെ ഡിസ്ചാർജ് ചെയ്തത്, പരാതി മുകളിൽ റിപ്പോർട്ട് ചെയ്തില്ല തുടങ്ങിയവയാണ് കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ചകൾ. ഏകദേശം ഒരു വർഷം മുൻപ് പനിയും ഛർദിലും വയറിളക്കവും ഉണ്ടായതോടെയാണ് ആറന്മുള സ്വദേശിനി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ആശുപത്രി കുത്തിവെപ്പ് നൽകി. ഇതിന് പിന്നാലെ കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്ത് നിരന്തരം വേദന അനുഭവപ്പെട്ടു. ആദ്യം കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന അസഹനീയമായി. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായി. ഇതോടെ നാല് ദിവസം മുമ്പ് വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി എക്സ്-റേ എടുത്തതിൽ സൂചി ശരീരത്തിൽ കുടുങ്ങിയത് തിരിച്ചറിഞ്ഞു. സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ ആയത്.
Read Also: കാഫിർ സ്ക്രീൻഷോട്ട് വിവാദം: പുനരന്വേഷണത്തിന് SIT രൂപീകരിക്കാൻ സർക്കാർ
കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കൂടുതൽ പരിശോധന നടത്തിയാലേ കാര്യങ്ങളിൽ വ്യക്തത വരികയുളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഒരു വർഷത്തിനു മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത് അല്ലാതെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്നും വത്സലയും കുടുംബവും വ്യക്തമാക്കിയിരുന്നു.
Story Highlights : Investigation report on Medical malpractice at Kozhencherry District Hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




