ഇന്ധനവില വര്‍ധന; ‘നികുതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും യുഡിഎഫ് എന്തുചെയ്യുമെന്നറിയാന്‍ ജനങ്ങള്‍ ആകാംക്ഷഭരിതര്‍’; പിണറായി വിജയന്‍
പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട യുഡിഎഫ്, നികുതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാരിന് എതിരെ ശബ്ദമുയര്‍ത്താനും എന്തുചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങള്‍ ഇതറിയാന്‍ ആകാംക്ഷഭരിതരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ”സംസ്ഥാനം നികുതി കുറയ്ക്കണം” എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയിരിക്കയാണ്. സ്വന്തം വാദം പ്രാവര്‍ത്തികമാക്കാനും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താനും നികുതി കുറയ്ക്കാനും അവര്‍ എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ആകാംക്ഷാഭരിതരാണ് – പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുണ്ട്. പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബ്രെന്റ് ക്രൂഡ് വില താഴുമ്പോഴും വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത് പകല്‍ക്കൊള്ളയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുവച്ച്, വോട്ട് കഴിഞ്ഞാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന ബിജെപിയുടെ പതിവ് തട്ടിപ്പ് ആവര്‍ത്തിക്കുകയാണ് – പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം, വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചത് ജനജീവിതത്തിന് ആഘാതമായി. പെട്രോളിന് രണ്ട് രൂപ 61 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് ഇന്ന് കൂടിയത്. വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്ന നടപടി രണ്ടാഴ്ചക്കിടെ നാലാം തവണയാണ്. ലിറ്ററിന് എട്ട് രൂപയാണ് പന്ത്രണ്ട് ദിവസത്തിനിടെ കൂട്ടിയത്. മുതലാളിത്ത സുഹൃത്തുക്കളെ സമ്പന്നരാക്കാന്‍ മോദി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. വില വര്‍ധനയുടെ ആഘാതം കുറയ്ക്കാന്‍ സംസ്ഥാനം എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ ജനം കാത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വ്യക്തമാക്കി. ഇടപെടല്‍, പഠിച്ച ശേഷം മാത്രമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണം.
Story Highlights : Pinarayi Vijayan against UDF government on fuel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




