‘അനധികൃത കുടിയേറ്റം ജനസംഖ്യയെ ബാധിക്കുന്നു’; രാജ്യത്തെ ജനസംഖ്യാ മാറ്റത്തിൽ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ നിരീക്ഷിക്കാൻ ഉന്നതല സമിതിക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കമ്മിറ്റിക്ക് രൂപം നൽകിയത്. അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്ന അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം പരിശോധിക്കാനാണ് ഈ സമിതിയെന്ന് അമിത് ഷാ പറഞ്ഞു.
2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് പുതിയ സമിതിയുടെ രൂപീകരണമെന്നും നിയമവിരുദ്ധ കുടിയേറ്റങ്ങളുമായും മറ്റ് അസാധാരണ കാരണങ്ങളുമായും ബന്ധപ്പെട്ട ജനസംഖ്യാ മാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആഭ്യന്തര മന്ത്രി എക്‌സില്‍ കുറിച്ചു.
റിട്ടയേര്‍ഡ് ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നവോലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യേഗസ്ഥരായ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഷാമിക രവി എന്നിവര്‍ അംഗങ്ങളായിരിക്കുമെന്നും അമിത് ഷാ അറിയിച്ചു. സെന്‍സസ് കമ്മീഷണറും സമിതിയുടെ ഭാഗമാകും.
രാജ്യത്തെ വിവിധ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജനസംഖ്യാ മാറ്റങ്ങള്‍, അതിനുള്ള കാരണങ്ങള്‍, സുരക്ഷാ വെല്ലുവിളികള്‍ എന്നിവ സമിതി വിശദമായി പഠിക്കും. അനധികൃത നുഴഞ്ഞു കയറ്റം രാജ്യത്തിനു വെല്ലുവിളിയാണെന്നും അതു നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് കടക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
Story Highlights : central govt forms high level committee to track demographic shifts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




