Advertisement

SFI യുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു, പ്രവർത്തകർക്ക് പരുക്ക്

May 26, 2026
Google News 1 minute Read
sfi

കേരള സർവകലാശാല സംഘർഷത്തിലെ പൊലീസ് നടപടിയിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്ഐ. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായി.ബാരിക്കേഡിന് മുകളിൽ നിന്നുകൊണ്ട് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് അഞ്ച് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇന്നലത്തെ സംഘർഷത്തിൽ പരുക്കേറ്റ എസ്എഫ്ഐ സംസ്ഥാന നേതാക്കളും സെക്രട്ടറിയേറ്റ് മാർച്ചിൽ ഉണ്ട്. പ്രവർത്തകരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഇന്നലെ നടന്ന സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന പത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.

പൊലീസ് കെഎസ്‌യു പ്രവർത്തകരെ സംരക്ഷിക്കുകയാണെന്നും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്നും എസ്എഫ്ഐ പ്രവർത്തകരെ തല്ലിചതച്ചെന്നും ആരോപണം ഉയർന്നിരുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈ ഒടിഞ്ഞിരുന്നു.

ഇന്നലെ നടന്ന കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.പിന്നീട് നേതാക്കളായ എം വി ജയരാജനും എ എ റഹീമും എത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

സർവകലാശാലയിൽ 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.

Story Highlights : Clashes erupt at SFI Secretariat march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here