Advertisement

തലസ്ഥാനത്തെ തെരുവ് യുദ്ധം; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

May 26, 2026
Google News 2 minutes Read
palayam

തലസ്ഥാനത്ത് ഇന്നലെ നടന്ന എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് എം ശിവപ്രസാദ്, കേന്ദ്ര കമ്മിറ്റി അംഗം ആദർശ്, ജില്ലാ സെക്രട്ടറി എം എ നന്ദൻ എന്നിവർ അടക്കം കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് എഫ്‌ഐആർ . 30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചു. കെഎസ്‌യുക്കാർക്കെതിരെ എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈ ഒടിഞ്ഞിരുന്നു.

Read Also: തിരുവനന്തപുരത്തെ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച്

അതേസമയം, പൊലീസിന്റെ നടപടിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. ജില്ലാ കേന്ദ്രങ്ങളിലും എസ്പി ഓഫീസിലേക്കും മാർച്ച് നടത്തും.പൊലീസ് ഏകപക്ഷീയമായിട്ടാണ് പെരുമാറിയതെന്നും സംഘർഷം ഇത്ര പ്രശ്നത്തിലേക്ക് എത്തിച്ചത് പൊലീസാണെന്നും എ എ റഹീം ആരോപിച്ചിരുന്നു.

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്ഐ- കെഎസ്‍യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉടലെടുത്തത്. എസ്എഫ്ഐയുടെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്. കെഎസ്‍യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘർഷം കനത്തതോടെ പൊലീസ് തുടർച്ചയായി രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു.പിന്നീട് നേതാക്കളായ എം വി ജയരാജനും എ എ റഹീമും എത്തിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

സർവകലാശാലയിൽ 37-ല്‍ 35 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്ഐയുടെ ശിവ എസ് ആണ് പുതിയ യൂണിയന്‍ ചെയര്‍മാന്‍. ഒരു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം രണ്ട് സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. രക്തസാക്ഷിയായ ധീരജിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനം.

Story Highlights : Kerala university SFI – KSU Clash; Police register case against 10 SFI activists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here