ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ച് 13 പേർക്കെതിരെ കേസെടുത്തു; SFI ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ പ്രതികൾ
സംസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ 3 ജില്ലകളിൽ കേസ്. ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ചിൽ 13 പേർക്കെതിരെ കേസെടുത്തു. ഇന്ന് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്ന് ഉദ്ദേശത്തിൽ ന്യായവിരുദ്ധമായി സംഘം ചേർന്നെന്ന് എഫ്ഐആർ. ഗതാഗത തടസം സൃഷ്ടിച്ചതിനും കേസ്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരും പ്രതികൾ.
കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നടത്തിയത്.
തിരുവനന്തപുരത്ത് കേരള സര്‍വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയുണ്ടായ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷത്തിൽ പൊലീസ് കേസെടുത്തു. 10 എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധായ കേസെടുത്തത്. ആഹ്ലാദ പ്രകടനം അവസാനിപ്പിച്ച് നിന്ന് കെഎസ്‍യു പ്രവര്‍ത്തകരെ ആക്രമിച്ചു, 30,000 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയവ എഫ്ഐആറിലുണ്ട്. കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കും. സംഘര്‍ഷത്തിൽ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിരുന്നു.
അതേസമയം കണ്ണൂരിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ നൂറോളം എസ്എഫ്ഐ പ്രവർത്തകർക്കും ,നേതാക്കൾക്കും എതിരെ കേസ് എടുത്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് എഫ്ഐആർ. സിറ്റി പൊലീസ് കമ്മീഷണറുടെ ഔദ്യോഗിക വാഹനത്തിനും കേടുപാട് വരുത്തി. കണ്ണൂരിൽ എസ് പി ഓഫീസിലേക്കായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.
Story Highlights : Sfi protest case registered in aalapuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




