ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്ക് വീണ്ടും ജാമ്യം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ 17 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കിടെയാണ് പ്രതികളുടെ ജാമ്യം തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 റദ്ദാക്കിയത്. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ തലശ്ശേരി കോടതിയിലെ വിചാരണ നടപടികളുടെ രേഖ ട്വന്റിഫോറിന് ലഭിച്ചിരുന്നു. പ്രതികളും അഭിഭാഷകരും മനപൂര്‍വം കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി പറയുന്നു. മതിയായ അവസരം നല്‍കിയിട്ടും അഭിഭാഷകനും പ്രതിയും ബോധപൂര്‍വം സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞതായും വിവരമുണ്ട്.
2018ലാണ് കൊലപാതകം നടന്നതെങ്കിലും വിചാരണ തുടങ്ങിയിട്ട് വെറും ഏഴ് ദിവസം മാത്രമേ ആയിട്ടുള്ളൂ. ഈ മാസം 18-ാം തിയതിയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ആദ്യ ദിവസം ഒന്നാം സാക്ഷിയെ വിചാരണ ചെയ്തു. അന്ന് തന്നെ ക്രോസ് വിസ്താരം അടക്കം പൂര്‍ത്തിയാക്കി. രണ്ടാം ദിവസം മുതല്‍ പ്രതിഭാഗവും പ്രതികളും വിചാരണ തടസപ്പെടുത്തിയത്. ചില കാര്യങ്ങള്‍ നിയമപരമായി ശരിയല്ലെന്ന് പറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും അത് തിരിച്ചുമടക്കുകയും വീണ്ടും നല്‍കിയപ്പോള്‍ കോടതി തള്ളുകയും ചെയ്തു. പിന്നീട് ഹൈക്കോടതിയില്‍ അപ്പീല്‍ പോകുന്ന സാഹചര്യവുമുണ്ടായി.
ഈ കോടതിയില്‍ നിന്ന് കേസ് മാറ്റാനുള്ള നീക്കവും പ്രതിഭാഗത്തെ അഭിഭാഷകരില്‍ നിന്നുണ്ടായി. ഇതിനായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന സമയമായതിനാല്‍ ക്രോസ് വിസ്താരത്തോട് സഹകരിക്കില്ലെന്ന് പ്രതികളും അഭിഭാഷകരും പറഞ്ഞു. കേസ് നീട്ടാനായി ഗൂഢാലോചന നടത്തിയെന്ന് ഉള്‍പ്പെടെയാണ് വിമര്‍ശനം.
Story Highlights : Shuhaib murder case; 17 accused including Akash Thillankeri granted bail again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here


