ബലിപെരുന്നാള്‍: ഒമാനിലെ 382 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനില്‍ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഒമാന്‍ പൗരന്മാരും , വിദേശികളും ഉള്‍പ്പെടെ 382 തടവുകാരെയാണ് സുല്‍ത്താന്റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്. ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ്
പ്രത്യേക മാപ്പ് അനുവദിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. (Sultan Haitham bin Tarik of Oman granted pardon to 382 prisoners)
ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ പുതുക്കി ഒമാനിലെ വിശ്വാസികള്‍ വിപുലമായാണ് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിച്ചത്. ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ഈദ്ഗാഹിനുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.
Read Also: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി അമേരിക്ക നാവിക ഉപരോധം നീക്കണം; ഉപാധികളുമായി ഇറാന്‍
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സുഹാറിലെ സുല്‍ത്താന്‍ ഖാബൂസ് മസ്ജിദില്‍ ആണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. രാജകുടുംബാംഗങ്ങള്‍, അല്‍ ബുസൈദ് കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സൈനിക-സുരക്ഷാ മേധാവികള്‍, സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, പൗരന്മാര്‍ എന്നിവര്‍ക്കൊപ്പമാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ആദരവര്‍പ്പിച്ച് പീരങ്കികള്‍ 21 തവണ ആചാരവെടി ഉതിര്‍ത്തു.
സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികള്‍ക്കും ഒമാന്‍ സുല്‍ത്താന്‍ ആശംസകള്‍ നേര്‍ന്നു. ഒമാന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും നന്മയും പുരോഗതിയും സുരക്ഷിതത്വവും എന്നും നിലനില്‍ക്കട്ടെ എന്നും സുല്‍ത്താന്‍ ആശംസിച്ചു.
Story Highlights : Sultan Haitham bin Tarik of Oman granted pardon to 382 prisoners
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




