Advertisement

ലോക കീരിടം നിലനിര്‍ത്താന്‍ മെസിപ്പട വീണ്ടും; പൗലോ ഡിബാല സ്‌ക്വാഡിലില്ല

May 29, 2026
Google News 1 minute Read
Argentina Squad 2026 WC

2026 ഫിഫ ലോകകപ്പിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ച 26 അംഗ സ്‌ക്വാഡിനെ ഇത്തവണയും നയിക്കുന്നത് സാക്ഷാല്‍ ലയണ്‍ മെസി തന്നെയാണ്. ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടാമെന്‍ഡി, റോഡ്രിഗോ ഡിപോള്‍ എന്നിങ്ങനെ ഖത്തറിലെ പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച എതാണ്ട് എല്ലാ താരങ്ങളും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ 32 കാരനായ അറ്റാക്കര്‍ പൗലോ ഡിബാലക്ക് ഇത്തവണ ടീമിലിടം കിട്ടിയില്ല.

2022 ഖത്തര്‍ ലോക കപ്പ് സ്വന്തമാക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരിക്കും അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലെ ലോക കപ്പ് വേദികളിലിറങ്ങുക. ആറാം ലോകകപ്പ് കളിക്കാനെത്തുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി തന്നെയാണ് അര്‍ജന്റീനയുടെയും ഇത്തവണത്തെ ലോക കപ്പിലെയും ശ്രദ്ധാകേന്ദ്രം. നീലപ്പടയെ നയിക്കാന്‍ നിയോഗിക്കപ്പെട്ട താരത്തിന്റെ പ്രകടനങ്ങളെ ആശ്രയിച്ചു തന്നെയായിരിക്കും ഇത്തവണയും അര്‍ജന്റീനയുടെ മുന്നേറ്റം. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായിരുന്നു മെസ്സിയുടെ പ്രകടനം. എംബാപെ നയിച്ച ഫ്രാന്‍സിനെതിരായ കലാശപ്പോരില്‍ ഇരട്ടഗോളുകള്‍ നേടിയ താരം ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. 26 കാരനായ യുവതാരം ജൂലിയന്‍ അല്‍വാരസ്, 28 കാരനായ ലൗട്ടാറോ മാര്‍ട്ടിനസ്, 25 കാരനായ തിയാഗോ അല്‍മാഡ, 21 കാരനായ നിക്കോളാസ് പാസ് എന്നിവരും മെസിയെ കൂടാതെ മുന്നേറ്റനിരയിലുണ്ട്.

ലോകകപ്പിനുള്ള അര്‍ജന്റീന ടീം. താരങ്ങളുടെ ക്ലബ്ബുകള്‍ ബ്രാക്കറ്റില്‍

ഗോള്‍കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ് (ആസ്റ്റണ്‍ വില്ല), ജെറോനിമോ റുല്ലി (മാഴ്‌സെല്ലി), ജുവാന്‍ മുസോ (അത്‌ലറ്റിക്കോ മാഡ്രിഡ്).

പ്രതിരോധം: ഗോണ്‍സാലോ മോണ്ടിയല്‍ (റിവര്‍ പ്ലേറ്റ്), നഹുവല്‍ മോളിന (അത്‌ലറ്റിക്കോ മാഡ്രിഡ്), ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), നിക്കോളാസ് ഒട്ടാമെണ്ടി (ബെന്‍ഫിക്ക), ലിയോനാര്‍ഡോ ബലെര്‍ഡി (ഒളിംപിക്യൂ മാര്‍സെല്ലി), ക്രിസ്റ്റിയന്‍ റൊമേറോ (ടോട്ടനം ഹോട്‌സ്പര്‍), ഫാക്കുണ്ടോ മെഡീന (മാര്‍സെല്ലി), നിക്കോളാസ് ടാഗ്ലിയാഫിക്കോ (ലിയോണ്‍).

മധ്യനിര: ലിയാന്‍ഡ്രോ പാരെഡ്‌സ് (ബോക്ക ജൂനിയേഴ്‌സ്), റോഡ്രിഗോ ഡി പോള്‍ (ഇന്റര്‍ മിയാമി), എക്‌സിക്വല്‍ പാലാസിയോസ് (ബയര്‍ ലവര്‍കുസെന്‍), എന്‍സോ ഫെര്‍ണാണ്ടസ് (ചെല്‍സി), അലക്‌സിസ് മാക്അലിസ്റ്റര്‍ (ലിവര്‍പൂള്‍), ജിയോവാനി ലോ സെല്‍സോ (റിയല്‍ ബെറ്റിസ്), വലെന്റീന്‍ ബാര്‍കോ (സ്ട്രാസ്ബര്‍ഗ്).

മുന്നേറ്റനിര: ലയണല്‍ മെസ്സി (ഇന്റര്‍ മിയാമി), നിക്കോളാസ് പാസ് (കോമോ), തിയാഗോ അല്‍മാഡ (അത്‌ലറ്റിക്കോ മാഡ്രിഡ്), നിക്കോളാസ് ഗോണ്‍സാലസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), ജൂലിയന്‍ അല്‍വാരസ് (അത്‌ലറ്റിക്കോ മാഡ്രിഡ്), ജിയൂലിയാനോ സിമിയോണ്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), ലോട്ടറോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ജോസ് മാനുവല്‍ ലോപസ് (പാല്‍മിറെസ്).

Story Highlights: Coach Lionel Scaloni announced Argentina squad 2026

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here