പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: ഞങ്ങള്‍ക്കിതില്‍ റോളില്ല, രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ അദ്ദേഹമാണോ ഇഡിയെ വിട്ടത്? മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ നടന്ന ഇ ഡി റെയ്ഡില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു റോളുമില്ലെന്നും അതിനെ വിമര്‍ശിക്കാനോ എങ്ങനെ ഇടപെടണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കാനോ തങ്ങള്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത് കേസാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. ഇത് നിയമവിരുദ്ധമെങ്കില്‍ സിപിഐഎമ്മിന് അതിനെ കോടതിയില്‍ ചോദ്യം ചെയ്യാം. രാഷ്ട്രീയ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയമായും ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഇവിടെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. പ്രധാനമന്ത്രിയേയോ ബിജെപി നേതാക്കളെ ആരെയോ പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. (vd satheesan on ed raid in pinarayi vijayan’s home)
താന്‍ ഇതുവരെ മാധ്യമങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. എപ്പോള്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്ക് തരണം. ചോദ്യം ചോദിക്കാനുള്ള അവകാശം എപ്പോഴും മാധ്യമങ്ങള്‍ക്കും തരും. പഠിച്ചിട്ടേ പ്രതികരിക്കൂ എന്നും ഒരിക്കലും ഓടിയൊളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി- വിഡി ഡീലാണ് റെയ്ഡെന്ന സിപിഐഎം ആരോപണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മറുപടി പറഞ്ഞു. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന്‍ തമാശരൂപേണെ പറഞ്ഞു. മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു.
ഇഡി റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. അവര്‍ റെയ്ഡ് നടത്തുന്ന കാര്യവും റെയ്ഡ് കഴിഞ്ഞുപോകുന്ന കാര്യവും സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. എന്നാല്‍ അവിടെ ഉചിതമായ നടപടി സ്വീകരിച്ച ആഭ്യന്തരമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ഒരു അറിയിപ്പ് ലഭിക്കാഞ്ഞിട്ടും അവിടെ പൊലീസിനെ അയച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന് എത്തിയ സംഘത്തെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരുകൂട്ടം ആളുകള്‍ തടഞ്ഞുവയ്ക്കുന്നത് ശരിയാണോയെന്നും സതീശന്‍ ചോദിച്ചു. അത് അംഗീകരിക്കില്ല. വീണാ വിജയനെതിരെ തങ്ങള്‍ ഉന്നയിച്ച ആരോപണമാണ് എക്സാലോജിക് കേസ്. നാലുകൊല്ലം മുന്‍പുണ്ടായ കേസില്‍ സര്‍ക്കാര്‍ ഇറങ്ങുന്നതുവരെ കേന്ദ്ര ഏജന്‍സി ഒന്നും ചെയ്തിട്ടില്ല. അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി തുടര്‍നടപടികള്‍ സ്വീകരിച്ചത്.
Story Highlights : vd satheesan on ed raid in pinarayi vijayan’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




