മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു, നിർദേശം നൽകി മുഖ്യമന്ത്രി
മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാൻ നിർദേശം. മുഖ്യമന്ത്രി വി.ഡി സതീശനാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.
വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു സസ്പെൻഷൻ ഉത്തരവിലെ പരാമർശം. ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ, സംഭവം വിവാദമായി. പൊതുമണ്ഡലത്തിൽ ചർച്ച തുടരുന്നതിനിടയാണ് സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ അധ്യാപകനെതിരെ പൊലീസ് കേസുമെടുത്തിട്ടുണ്ട്.
Story Highlights : Incident of Facebook post criticizing the Chief Minister; School principal’s suspension withdrawn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




