ആര്‍ത്തവ അവധിയെ പോസിറ്റീവായി കാണണം, മാറ്റിനിര്‍ത്തലോ വിലക്കോ അല്ല: വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ആര്‍ത്തവ സമയത്ത് കുട്ടികളെ സ്‌കൂളില്‍ നിന്ന് വിലക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നുവെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. ഇതില്‍ അനാവശ്യ വിവാദമുണ്ടാക്കേണ്ടതില്ല. ഇതിനെ വളരെ പോസിറ്റീവായി മാത്രം കണ്ടാല്‍ മതി. ആര്‍ത്തവ സമയത്ത് വേദന കാരണം കട്ടിലില്‍ നിന്ന് എണീക്കാന്‍ പറ്റാത്ത കുട്ടികളുണ്ട്. അവര്‍ക്ക് ഈ ദിവസങ്ങളില്‍ പഠനത്തിന് യാതൊരു തടസവുമുണ്ടാകരുത്. അതിന് ചെയ്ത് കൊടുക്കുന്ന ഒരു ഇളവ് മാത്രമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടക്കുന്ന പട്ടത്തെ ഗേള്‍സ് സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (education minister N samsudheen on menstrual leave in schools)
കുഞ്ഞുങ്ങളുടെ വിദ്യാര്‍ഥി ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിനെ വര്‍ണാഭമാക്കാന്‍ ഉത്സവസമാനമായ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ പ്രവേശനോത്സവത്തിനായി എത്തിയിട്ടുണ്ടെന്നും ചടങ്ങിലെ പ്രസംഗത്തില്‍ മന്ത്രി സൂചിപ്പിച്ചു. പുതുയുഗ വിദ്യാലയമെന്ന ആശയമാണ് സര്‍ക്കാരിന്റെ മനസിലുള്ളതെന്നും പഠനം അപ്‌ഡേറ്റാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒരു ആഗോളഗ്രാമമാകുമ്പോള്‍ നമ്മുടെ കുട്ടികള്‍ മത്സരിക്കുന്നത് ലോകത്തിലെ വിവിധ ഇടങ്ങളിലെ കുട്ടികളോടാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷന്‍ പോയിന്റ് ആയി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ കേരളത്തിലേക്ക് എത്തും.ഏറ്റവും വലിയ നിക്ഷേപം പുതിയ തലമുറ. മയക്കുമരുന്നിന് എതിരായി ശക്തമായ നിലപാട് എടുക്കണം. കൂട്ടുകാരെ മയക്കുമരുന്നില്‍ നിന്ന് പിന്തിരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Story Highlights : education minister N samsudheen on menstrual leave in schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




