Advertisement

എവറസ്റ്റ് അല്‍പം തലതാഴ്ത്തിത്തന്നു.. ഈ മലയാളി വനിതകളെ സ്വീകരിക്കാന്‍; സാഹസികതയില്‍ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലെ പെണ്‍കരുത്ത്

June 3, 2026
Google News 3 minutes Read
everest

‘സാഗര മാതാ അനുഗ്രഹിച്ചു. കൊടുമുടി ഇത്തിരി തല താഴ്ത്തിത്തന്നു’. രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത, ഇന്ത്യയുടെ സന്തോഷ് യാദവ് 1992ല്‍ ആദ്യം എവറസ്റ്റിന്റെ നെറുകയില്‍ എത്തിയപ്പോള്‍ പറഞ്ഞു. ഇപ്പോള്‍ നമ്മള്‍ക്കു പറയാം. മലയാളി വനിതകളെ സ്വീകരിക്കാന്‍ മൂന്നാമതൊരിക്കല്‍കൂടി എവറസ്റ്റ് അല്‍പം തലതാഴ്ത്തിത്തന്നു.

മലപ്പുറം മഞ്ചേരി സ്വദേശിനി സുഹറ സിറാജ് ഇക്കഴിഞ്ഞ മേയ് 20ന് ഉച്ചയ്ക്ക് 12.36ന് എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. 20 മിനിറ്റ് അവിടെ ചെലവിട്ടു. എവറസ്റ്റ് കീഴടക്കിയ മൂന്നാമത്തെ മലയാളി വനിതയാണ് സുഹറ എന്ന നാല്‍പതുകാരി. എച്ച്.ആര്‍ പ്രഫഷണല്‍ ആയ സുഹറ മധ്യ, ദീര്‍ഘ ദൂര ഓട്ടക്കാരിയാണ്. മാസ്റ്റേഴ്സ് മീറ്റുകളില്‍ 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടങ്ങളില്‍ ദേശീയ താരം. 2025ല്‍ നാലാം ക്യാമ്പ് വരെയെത്തിയെങ്കിലും മോശമായ കാലാവസ്ഥമൂലം പിന്‍വാങ്ങേണ്ടിവന്നു. ഒട്ടും നിരാശപ്പെടാതെ ശ്രമം തുടര്‍ന്നു. ഇക്കുറി ലക്ഷ്യം കണ്ടു. 8,848.86 മീറ്റര്‍ ഉയരത്തില്‍, മഞ്ഞു മലകളില്‍ കേരളത്തില്‍ നിന്നൊരു വീട്ടമ്മ കൂടി കൊടി നാട്ടി.

സുഹറ ഭർത്താവ് സിറാജിനും മക്കൾ എമിറിനും ഇഹ ബിനും ഒപ്പം

ഒരു ദശാബ്ദമായി പര്‍വതാരോഹണത്തില്‍ ശ്രദ്ധിക്കുന്ന സുഹറ, എലീറ്റ് എക്സ്പഡിഷന്‍ ഏജന്‍സിയുടെ 14 അംഗ സംഘത്തിനൊപ്പമായിരുന്നു. ഇവരില്‍ 12 പേര്‍ ലക്ഷ്യം കണ്ടു. ‘ബോഷി’ ല്‍ എന്‍ജിനീയറായ ഭര്‍ത്താവ് സിറാജിനും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം ബെംഗളൂരിവിലാണ് സുഹറ. ഭര്‍ത്താവും മക്കള്‍ പതിനഞ്ചുകാരന്‍ എമിറും 10 വയസുള്ള എഹബിനും നല്‍കിയ പ്രോത്സാഹനം തന്നെയായിരുന്നു സുഹറയുടെ സാഹസികതയ്ക്കു പിന്‍ബലം.

സുഹറ

ബെയ്‌സ് ക്യാമ്പിലെത്താന്‍ വലിയ മഞ്ഞുകട്ടകള്‍ തടസം സൃഷ്ടിച്ചു. ഒരാഴ്ചയോളം ബെയ്‌സ് ക്യാമ്പില്‍ കുടുങ്ങി. നാലാം ക്യാമ്പില്‍ നിന്ന് മേയ് 19ന് രാത്രി 11നാണ് പുറപ്പെട്ടത്. വലിയ ട്രാഫിക്ക് ആയിരുന്നതിനാല്‍ മുന്നോട്ടുള്ള കയറ്റം എളുപ്പമല്ലായിരുന്നു. ലക്ഷ്യം നേടി ഏഴുമണിക്കൂറില്‍ നാലാം ക്യാമ്പില്‍ മടങ്ങിയെത്തി. 21ന് കാഠ്മണ്ഡുവിലും തുടര്‍ന്ന് ബെംഗളൂരുവിലും എത്തി. ‘വളരെ സന്തോഷം തോന്നി.’ എവറസ്റ്റ് കീഴടക്കിയ നിമിഷത്തെക്കുറിച്ചു സുഹറയ്ക്കു പറയുവാന്‍ അതു മാത്രം.

എവറസ്റ്റ് കീഴടക്കിയ ആദ്യമലയാളി വനിത കണ്ണൂര്‍ മട്ടന്നൂര്‍ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫ് ആണ്. 2025 മേയ് 18നാണ് സഫ്രീന ലക്ഷ്യം കണ്ടത്. ഏഴെട്ടു തവണ എവറസ്റ്റ് കീഴടക്കിയ ഗൈഡുകളുടെ പിന്‍ബലമായിരുന്നു സഫ്രീനയുടെ കയറ്റത്തിനു തുണയായത്. പക്ഷേ, അവസാന ചുവടുകളില്‍ സഫ്രീന ഒറ്റയ്ക്കായിരുന്നു. മറ്റു സംഘാംഗങ്ങള്‍ അപ്പോള്‍ മലയിറങ്ങുകയായിരുന്നു.

സഫ്രീന ഭർത്താവ് ഡോ. ഷമീലിനും മകൾ മിൻഹയ്ക്കുമൊപ്പം

ബെയ്‌സ് ക്യാമ്പില്‍ നാലാഴ്ചയോളം കഴിയേണ്ടിവന്നു. നാലു വര്‍ഷത്തിനിടയ്ക്ക് ടാന്‍സാനിയയിലെ കിലിമന്‍ജരോ(5,895 മീറ്റര്‍), അര്‍ജന്റീനയിലെ കോണ്‍കാഗ്‌ന(6961 മീറ്റര്‍), റഷ്യയിലെ എല്‍ബ്രൂട്സ്(5642 മീറ്റര്‍) കൊടുമുടികള്‍ കീഴടക്കിയതിന്റെ ആത്മബലം കൂട്ടായി. കസഖ്‌സ്താനിലെ മഞ്ഞുമലകളിലും പരിശീലനം നടത്തി. 2025 ജനുവരിയില്‍ തീവ്രപരിശീലനം തുടങ്ങി. എപ്പോഴും പിന്തുണച്ച ഭര്‍ത്താവ് ഡോ. ഷമീല്‍ മുസ്തഫ ഹമദിന് പരുക്കേറ്റതിനാല്‍ പിന്നീടുള്ള ശ്രമങ്ങള്‍ ഒറ്റയ്ക്കായി.

സഫ്രീനയും ഭർത്താവ് ഡോ. ഷമീലും

ഏപ്രില്‍ 12നാണ് ബെയ്‌സ് ക്യാമ്പിലേക്കുള്ള ചുവടുകള്‍ക്കു തുടക്കമിട്ടത്. മേയ് 14നാണ് അവസാന ഘട്ടത്തിലേക്കു കടക്കുവാന്‍ കാലാവസ്ഥ അനുകൂലമായത്. മരണമേഖലയായ നാലാം ഘട്ടത്തില്‍ രണ്ടു നാള്‍മുമ്പ് അപകടത്തില്‍ മരിച്ച ഫിലീപ്പിന്‍സ് പര്‍വതാരോഹകന്റെ മൃതദ്ദേഹം കണ്ടു. മേയ് 17ന് രാത്രി എട്ടിനായിരുന്നു അവസാന കയറ്റം. 18നു രാവിലെ 10.25ന് ലക്ഷ്യം കണ്ടു. ഖത്തറില്‍ താമസമായതിനാല്‍ ഇന്ത്യയുടെയും ഖത്തറിന്റെയും ദേശീയ പതാകകള്‍ ഉയര്‍ത്തി.

എവറസ്റ്റിന്റെ നെറുകയില്‍ 45 മിനിറ്റ് ചെലവിട്ടു. ശരിക്കും എവറസ്റ്റ് എന്തെന്ന് അറിയാനുള്ള ആവേശത്തില്‍ ഗ്ലാസുകള്‍ ഊരി നഗ്ന നേത്രത്തോടെ നോക്കി. അത് അബദ്ധമായി. സ്നോ ബ്ളൈന്‍ഡ്നസിനു കാരണമായി. കണ്ണില്‍ ഇരുട്ടുകയറി. ദേഹത്തിനു വേദനയും. കൈകള്‍ നീരുവച്ചു. കണ്ണില്‍ നീറ്റല്‍, ഇരുട്ടത്തായിരുന്നു മലയിറക്കം. ഗൈഡ് ഒരു വടത്തില്‍ ബന്ധിച്ച് സുരക്ഷിതയാക്കി തുണച്ചു. ‘മരിച്ചാല്‍ എന്റെ ശരീരം നാട്ടിലെത്തിക്കാന്‍ 50,000 ഡോളര്‍ ചെലവാകും. എന്റെ ഭര്‍ത്താവ് അതു ചെലവഴിക്കാന്‍ ഇടയാക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.’ ആത്മധൈര്യം വീണ്ടെടുത്തത് എങ്ങനെയെന്ന് സഫ്രീന വിശദീകരിച്ചു. 10 മണിക്കൂര്‍കൊണ്ട് നാലാം ക്യാമ്പില്‍ മടങ്ങിയെത്തി. സ്നോബൈറ്റിനും, കാഴ്ചക്കുറവിനും ചികിത്സവേണ്ടിവന്നു.

മുപ്പത്തേഴുകാരി സഫ്രീനയുടെ ലക്ഷ്യം താനൊരു ‘സൂപ്പര്‍ വുമണ്‍’ ആണെന്നു മകള്‍ മിന്‍ഹയ്ക്കു കാട്ടിക്കൊടുക്കുകയായിരുന്നു എന്നു പറയാം. പതിനഞ്ചുകാരി മിന്‍ഹ അമ്മയുടെ ചുവടുകള്‍ പിന്തുടര്‍ന്നു തുടങ്ങി. 2025 ഓഗസ്റ്റില്‍ കിലിമന്‍ജരോ കൊടുമുടി കീഴടക്കി. ദോഹ മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സര്‍ജനാണ് ഭര്‍ത്താവ്. ദോഹയിലാണ് കുടുംബമായി താമസം. ബെംഗളൂരിവിലെ അപ്പാര്‍ട്ട്മെന്റ് വിറ്റാണ് എവറസ്റ്റ് ആരോഹണത്തിന് പണം കണ്ടെത്തിയത്. ഏതാണ്ട് 75 ലക്ഷം രൂപ ചെലവായി. ‘എവറസ്റ്റിന്റെ നെറുകയില്‍ ചുവടുറപ്പിച്ചപ്പോള്‍ സ്വപ്നമോ? യാഥാര്‍ത്ഥ്യമോ? എന്നൊരു സംശയമായിരുന്നു. ഭര്‍ത്താവിന്റെയും എന്റെയും ഇഷ്ടങ്ങള്‍ ഒന്നുപോലെയാണ്. തുടക്കത്തില്‍ കൊടുമുടികയറ്റം ഒരുമിച്ചായിരുന്നു. അതാണ് രക്ഷയായത് ‘ – അവര്‍ പറഞ്ഞു.

ഭര്‍ത്താവുമൊത്ത് എവറസ്റ്റ് കയറണമെന്നായിരുന്നു ആഗ്രഹം. 2024ല്‍ ബെയ്സ് ക്യാമ്പിലെത്തി. പരിശീലനത്തിനിടെ ഷമീലിന്റെ കൈക്കു പരുക്കേറ്റു. 2025ല്‍ വീണ്ടും ശ്രമം. ഇക്കുറി ഷമീലിന്റെ കാലിനു പരുക്കുപറ്റി. എറവസ്റ്റിനു മുകളിലേക്ക് ഞാന്‍ ഒറ്റയ്ക്കു പോകട്ടേയെന്നു ചോദിച്ചു. ‘നമ്മളില്‍ ഒരാള്‍ കയറിയാല്‍ അത് നമ്മള്‍ കയറിയതുപോലെയല്ലേ ‘എന്ന് ഷമീല്‍ മറുപടി പറഞ്ഞു. ഇതായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം – കേക്ക് ഡിസൈനര്‍ കൂടിയായ സഫ്രീന പറഞ്ഞു.

സഫ്രീന എവറസ്റ്റ് കീഴടക്കി രണ്ടുനാള്‍ കഴിഞ്ഞതേയുള്ളൂ. 2025 മേയ് 20നു രാവിലെ 10.30ന് ഷൊര്‍ണൂര്‍കാരി ശ്രീഷ രവീന്ദ്രന്‍ എവറസ്റ്റിന്റെ നെറുകതൊട്ടു. മേയ് 19ന് പുലര്‍ച്ചെ മൂന്നിനാണ് അവസാന കയറ്റത്തിന് ശ്രീഷയും സംഘവും നാലാം ക്യാമ്പില്‍ നിന്നു തിരിച്ചത്. 75-80 കിലോമീറ്റര്‍ വേഗത്തിലെ കാറ്റ് കയറ്റം ദുഷ്‌കരമാക്കി. വലതു കൈവെള്ളയില്‍ സ്നോബൈറ്റ്. മഞ്ഞുകണങ്ങള്‍ വീണ് കാഴ്ചശക്തി കുറഞ്ഞു. അവസാന ചുവടുകള്‍ വയ്ക്കുമ്പോള്‍ മുന്നില്‍ മൃതദേഹങ്ങള്‍ കണ്ടു. ‘പക്ഷേ, ഞാന്‍ മരിക്കാന്‍ ത/ാറല്ലായിരുന്നു. ‘ശ്രീഷ പറഞ്ഞു. കാലാവസ്ഥ തീര്‍ത്തും മോശമായതിനാല്‍ അഞ്ചുമിനിറ്റു മാത്രമാണ് എവറസ്റ്റിന്റെ നെറുകയില്‍ ചെലവിടാന്‍ അനുവാദം കിട്ടിയത്. അതുപോലും സാധിക്കില്ലെന്നു തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചു മിനിറ്റിനിടയ്ക്ക ഫോട്ടോയും എടുക്കണമായിരുന്നു.

ശ്രീഷ, ഭർത്താവ് ജയറാം നായർ, മകൻ നിരഞ്ജൻ

മുപ്പത്താറുകാരി ശ്രീഷ ഭരതനാട്യം നര്‍ത്തകിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ്. ഇ വൈയില്‍ ആണ് ജോലി. ഭര്‍ത്താവ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ
ജയറാം നായരും പന്ത്രണ്ട് വയസുള്ള പുത്രന്‍ നിരഞജനുമൊത്ത് ബെംഗളൂരുവിലാണ് താമസം. നിരഞ്ജന്‍ തൈക്വാണ്‍ഡു താരമാണ്. എവറസ്റ്റ് കയറാന്‍ ഏറ്റവും അധികം പ്രേരിപ്പിച്ചത് മകനാണ്. ഇതിനുമുമ്പ് ഹിമാലയത്തില്‍ തന്നെ 15 കൊടുമുടികള്‍ കയറിയിട്ടുണ്ട്. എവറസ്റ്റ് കയറാനുള്ള ശ്രമത്തിനിടയ്ക്ക് ഏപ്രില്‍ 25ന് 6900 മീറ്റര്‍ ഉയരമുള്ള ലോംബുച്ചെ കൊടുമുടി കയറി, ബെയ്‌സ് ക്യാമ്പില്‍ എത്തുകയായിരുന്നു.

ശ്രീഷ

ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ രൂപ ചെലവ് കണക്കാക്കി ഏതാണ്ട് 150 കമ്പനികളെയും സര്‍ക്കാരിനെയും സ്പോണ്‍സര്‍ഷിപ്പിന് സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല. 30- 35 ലക്ഷം ചെലവായി. ഇ വൈ കുറച്ച് സഹായിച്ചു. ബാക്കി എന്റെ സമ്പാദ്യത്തില്‍ നിന്നെടുത്തു. ശ്രീഷ പറഞ്ഞു. എവറസ്റ്റ് കയറിയ ആദ്യ മലയാളി വനിതയെന്ന റെക്കാര്‍ഡ് രണ്ടു നാള്‍ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടെങ്കിലും ശ്രീഷയ്ക്കു ദു:ഖമില്ല; സന്തോഷം മാത്രം.

ഒരു മലയാളി പുരുഷന്‍ ആദ്യമായി എവറസ്റ്റ് കീഴടക്കിയത് 2013 മേയ് 20നാണ്. കണ്ണൂര്‍ പെരിങ്ങോം സ്വദേശി ഉണ്ണിക്കണ്ണനായിരുന്നത്. 2016ല്‍ ഉണ്ണിക്കണ്ണന്‍ രണ്ടാമതൊരിക്കല്‍കൂടി ലക്ഷ്യം കണ്ടു. രണ്ടാമതൊരു മലയാളി പുരുഷന്‍ എവറസ്റ്റിന് നെറുകെയെത്തിയത് 2019ല്‍ ആണ്. പി അബ്ദുല്‍ നാസര്‍. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. മലയാളി വനിതകള്‍ ആകട്ടെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എവറസ്റ്റ് കീഴടക്കിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു പേരാണ് ലക്ഷ്യം കണ്ടത്. സാഹസികതയില്‍, ഉയരങ്ങള്‍ തേടിയുള്ള യാത്രയില്‍ മലയാളി വനിതകള്‍ മുന്നോട്ടു തന്നെ.

Story Highlights : Three women who conquered Everest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here