Advertisement

കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന ആളെന്ന് അറിഞ്ഞിട്ടും പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം

3 days ago
Google News 3 minutes Read
mentally challenged man collapsed in police custody and died

തൃശ്ശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു. തൃശ്ശൂര്‍ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞുവീണത്. മകന്റെ ശരീരത്തില്‍ മര്‍ദത്തിന് സമാനമായ പാടുകളുണ്ടെന്ന് പിതാവ് ആരോപിച്ചതോടെ പൊലീസ് സംശയത്തിന്റെ നിഴലിലാകുകയാണ്. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ രേഖയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലീസ് പാലിച്ചില്ലെന്ന് സിപിഐം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഉയരുന്ന ആരോപണം. (mentally challenged man collapsed in police custody and died)

50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് രേഷ് ബാബു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. ഇയാള്‍ ഇതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കുന്ന ആള്‍ കൂടിയാണ്. 17-ാം തിയതിലാണ് പൊലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ നഗരത്തില്‍ ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നെന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാലുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ ദൃശ്യത്തില്‍ രേഷ് ബാബു താഴെ നിന്ന് എന്തോ എടുക്കുന്നതായി മാത്രമേ കാണുന്നുള്ളൂ എന്നാണ് കുടുംബം പറയുന്നത്.

Read Also: കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

കേസില്‍ എഫ്‌ഐആര്‍ ഇട്ടതിന് ശേഷമാണ് രേഷ് ബാബുവിന്റെ കുടുംബത്തെ പൊലീസ് വിവരമറിയിച്ചത്. പിതാവ് ബാബു ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളെന്ന് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കോടതിയില്‍ കാണിച്ചോളൂ എന്നായിരുന്നു പൊലീസിന്റെ മറുപടി. ഇയാള്‍ ഇത്തരം ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കോടതിയോട് ഉള്‍പ്പെടെ വിശദീകരിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയെന്നുമാണ് ഉയരുന്ന ആരോപണം.

Story Highlights : mentally challenged man collapsed in police custody and died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here