നില്ല് നില്ല് ചാലഞ്ച്; മുന്നറിയിപ്പുമായി കേരള പോലീസ്

ജാസി ഗിഫ്റ്റിന്റെ ഹിറ്റ് പാട്ടുകളിൽ ഒന്നായിരുന്നു ‘നില്ല് നില്ല്, നില്ലെന്റെ നീല കുയിലേ’ എന്ന ഗാനം. എന്നാൽ 2004 ൽ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോൾ തരംഗമായിരിക്കുന്നത് ടിക് ടോക്കിലൂടെയാണ്. ഹെൽമെറ്റ് ധരിച്ച് കൈയ്യിൽ ചെടികൾ പിടിച്ച് ഓടുന്ന വണ്ടിക്ക് മുമ്പിൽ താടി ഗാനത്തിനൊപ്പം ചുവടുവെക്കുന്നതാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ ഹരം. എന്നാൽ ഈ ‘ഹര’ത്തിന് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്; അപായകരമായ അനുകരണങ്ങൾ വേണ്ട എന്ന തലക്കെട്ടോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണം :
അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത്;
അപായകരമായ അനുകരണങ്ങൾ വേണ്ട ..
ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വീഡിയോ ബ്രോഡ്കാസ്റ്റിംഗ് ആപ്പുകൾ. വീഡിയോ പോസ്റ്റുകൾ അതിവേഗം വൈറൽ ആകുന്നതുകൊണ്ടു തന്നെ കൂടുതൽ ആകർഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങൾക്കും ശ്രമങ്ങൾ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം Tiktok ൽ ബാക്ഗ്രൗണ്ടാക്കി കൈയ്യിൽ കാട്ടു ചെടിയോ തലയിൽ ഹെൽമെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെൻഡ് ആക്കി ധാരാളം അനുകരണങ്ങൾ നടന്നു വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ആദ്യം ടൂ വീലറുകളുടെ മുന്നിലായിരുന്നുവെങ്കിൽ പിന്നീടത് പ്രൈവറ്റു വാഹനങ്ങൾക്കും ഫോർ വീലറുകൾക്കുo മുന്നിലായി. അതിലും അപകടം പിടിച്ച അവസ്ഥയാണിപ്പോൾ. പാഞ്ഞു വരുന്ന ബസിന് മുന്നിലേക്കുവരെ എടുത്ത് ചാടുന്ന സ്ഥിതിയായി. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ, പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാ വസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.
ഓർക്കുക.. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട …
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here