‘കോഴിക്കോട് ജാമ്യമുണ്ട്, പത്തനംതിട്ടയില്‍ ജാമ്യമില്ല’; സുരേന്ദ്രന്‍ ജയിലില്‍ തുടരും

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിലില്‍ തുടരും. ശബരിമല സന്നിധാനത്ത് 52 കാരിയായ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യം നിഷേധിച്ചതാണ് സുരേന്ദ്രന്റെ ജയില്‍വാസം തുടരാന്‍ കാരണമായത്. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്.
അതേസമയം, ഇന്ന് കെ .സുരേന്ദ്രന് രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ച വാര്‍ത്ത പുറത്തുവന്നതോടെ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും സുരേന്ദ്രന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേന്ദ്രന്റെ അഭിഭാഷകന്‍. എന്നാല്‍, തിരിച്ചടിയായിരുന്നു ഫലം.
ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസിലും പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലും നേരത്തെ ജാമ്യം ലഭിച്ചതാണ്. എന്നാല്‍, മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല. അതിനുപുറമേയാണ് ഇന്ന് രാവിലെ മറ്റ് രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിക്കുന്നത്. കോഴിക്കോട് കമ്മീഷ്ണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും കോഴിക്കോട് തന്നെ വച്ച് ട്രെയിന്‍ തടഞ്ഞ കേസിലുമായിരുന്നു ഇന്ന് ജാമ്യം ലഭിച്ചത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍, അതിന് പിന്നാലെ സന്നിധാനത്ത് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
കെ.സുരേന്ദ്രനെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം പൊലീസ് എത്തിച്ചിരുന്നു. കൊട്ടാരക്കര ജയിലില്‍നിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. അതേസമയം, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി സുരേന്ദ്രന്‍ ആരോപിച്ചു. മണ്ഡലകാലം കഴിയുന്നതുവരെ തന്നെ ജയിലിലിടാനാണ് ഉദ്ദേശമെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here