‘പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; വനിതാ മതിലിനെ പരിഹസിച്ച് ചെന്നിത്തല

സമുദായ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന ‘വനിതാ മതില്‍’ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലുപോലെയുള്ള പരിപാടികളൊക്കെ സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ പരിപാടിയാണ്. അത്തരം പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട എന്നും ചെന്നിത്തല ആഞ്ഞടിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
Read More: ‘ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി
സമുദായങ്ങളെയും ജാതികളെയും തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് വനിതാ മതിലിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ചെയ്യാത്തതാണ് പിണറായി വിജയന്‍ ചെയ്യാന്‍ പോകുന്നത്. സമാധാനം കൊണ്ടുവരാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ ആളികത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു.
Read More: ‘ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായി’: വെള്ളാപ്പള്ളി
രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി സിപിഎം ഇതൊരു രാഷ്ട്രീയ പരിപാടിയായി നടത്തട്ടെ. രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയ ചെന്നിത്തല ശബരിമലയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ താന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here