‘ബൈ ബൈ ഗൗതി’; ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 15 വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് വേണ്ടി പാഡണിഞ്ഞ താരമാണ് ആരാധകര്‍ ‘ഗൗതി’ എന്ന് വിളിക്കുന്ന ഗൗതം ഗംഭീര്‍. 2016 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അവസാന മത്സരം കളിച്ചത്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാനായിരുന്നു 37 കാരനായ ഗൗതം. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ വാര്‍ത്ത അറിയിച്ചത്.
ഇന്ത്യക്ക് വേണ്ടി 58 ടെസ്റ്റ് മത്സരങ്ങളും 147 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റില്‍ 41.95 ശരാശരിയോടെ 4,154 റണ്‍സും ഏകദിനത്തില്‍ 39.68 ശരാശരിയോടെ 5,238 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. കുട്ടി ക്രിക്കറ്റായ ട്വന്റി 20 യിലും ഗൗതം മികച്ച നേട്ടം കൊയ്തിട്ടുണ്ട്. 37 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 932 റണ്‍സാണ് ഗംഭീറിന്റെ നേട്ടം.
ടെസ്റ്റില്‍ ഒന്‍പത് സെഞ്ച്വറികളും ഏകദിനത്തില്‍ 11 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും (206) താരം സ്വന്തമാക്കിയിട്ടുണ്ട്.
2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍. 122 പന്തില്‍ നിന്ന് 97 റണ്‍സാണ് ശ്രീലങ്കക്കെതിരായ ഫൈനലില്‍ ഗംഭീര്‍ നേടിയത്. ഈ ഇന്നിംഗ്‌സാണ് പിന്നീട് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലേക്ക് വഴിതെളിച്ചത്. വീരേന്ദര്‍ സേവാഗുമൊത്തുള്ള ഓപ്പണിംഗ് കൂട്ടുക്കെട്ട് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കൂട്ടുക്കെട്ടുകളിലൊന്നായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here