‘നാണക്കേട്’ ചരിത്രം തിരുത്തി ഇന്ത്യ; സിഡ്‌നിയില്‍ നാളെ കലാശക്കൊട്ട്

31 വര്‍ഷത്തെ ചരിത്രം തിരുത്തി കോഹ്‌ലിയും സംഘവും. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ പോകുന്നതിന്റെ ത്രില്ലില്‍ നില്‍ക്കുമ്പോഴാണ് 31 വര്‍ഷം പഴക്കമുള്ള മറ്റൊരു ചരിത്രം ഇന്ത്യ തിരുത്തിയത്. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസ് മത്സരം സമനിലയിലാക്കാനാണ് ഇപ്പോള്‍ പൊരുതുന്നത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ 31 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിനു സ്വന്തം മണ്ണില്‍ ഫോളോഓണ്‍ ചെയ്യേണ്ടി വന്നു.
Read More: അശാസത്രീയമായ കരിമണൽ ഖനനം; കിടപ്പാടവും പിറന്ന മണ്ണും നഷ്ടപ്പെട്ട് അനാഥരാകുകയാണ് ഒരു ജനത
1988 ല്‍ ഇംഗ്ലണ്ടിനോട് ഫോളോഓണ്‍ ചെയ്തതിനുശേഷം ഇതുവരെയും ഓസീസിന് സ്വന്തം മണ്ണില്‍ ഫോളോഓണ്‍ ചെയ്യേണ്ടി വന്നിരുന്നില്ല. ഈ റെക്കോര്‍ഡാണ് കോഹ്‌ലിയും സംഘവും സിഡ്‌നിയില്‍ തിരുത്തിയത്. മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും കോഹ്‌ലി ബാറ്റിംഗിനിറങ്ങുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ 322 റണ്‍സാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഓസീസ് നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ ആറ് റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 316 റണ്‍സ് പിന്നിലാണ് ഇപ്പോഴും കങ്കാരുക്കള്‍. മത്സരം സമനിലയിലാക്കാനാണ് ഓസീസ് ശ്രമിക്കുന്നത്. എന്നാല്‍, അവസാന മത്സരവും വിജയിച്ച് ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവില്‍ പരമ്പര 2-1 എന്ന നിലയിലാണ്. സിഡ്‌നി ടെസ്റ്റ് സമനിലയിലായാലും ഇന്ത്യ പരമ്പര സ്വന്തമാക്കും. ആദ്യമായാണ് ഇന്ത്യ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ പോകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here